രാഷ്ട്രപതി ഭവനിലേക്ക് ജെ.എന്‍.യു വിദ്യാര്‍ത്ഥി മാര്‍ച്ച്; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി

പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനും രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചു.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356974/jnu.jpg

ന്യുഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ത്ഥികള്‍ നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനു നേര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്. യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്നും പ്രകടനമായി രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഇതോടെ കാമ്പസില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഉദ്യോഗസ് ഭവന്‍, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്‌റ്റേഷനുകള്‍ അധികൃതര്‍ അടച്ചു.

ജെ.എന്‍.യുവിനു മുന്നിലുള്ള റോഡും ബാബ ഗംഗനാഥ് മാര്‍ഗ് റോഡും പോലീസ് അടച്ചു. ഉന്നാവ് പീഡനക്കേസിലെ പ്രതിഷേധ പ്രകടനവും ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ഭികാജി കാ പ്ലേസ് മെട്രോ സ്‌റ്റേഷനു സമീപമാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഡല്‍ഹി പോലീസിന്റെ ലാത്തിച്ചാര്‍ജുണ്ടായത്.

പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനും രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചു. വി.സിയുടെ ദുര്‍ഭരണമാണ് ജെ.എന്‍.യുവില്‍ പ്രശ്‌നങ്ങളുടെ കാരണമെന്ന് കത്തില്‍ ആരോപിക്കുന്നു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ ഒരു മാസത്തിലേറെയായി ജെ.എന്‍.യു പ്രതിഷേധത്തിലാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സെമസ്റ്റര്‍ പരീക്ഷക ബഹിഷ്‌കരിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. നേരത്തെ, വിദ്യാര്‍ത്ഥികളും അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് കേന്ദ്ര മാനവ വിഭാവമന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതോടെ ജെ.എന്‍.യുവിലെ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തുകയും ചെയ്തിരുന്നു.