നാം അഞ്ച്; മക്കളിലൊരാള്‍ പെണ്‍കുട്ടിയായിരിക്കണം: പുതിയ കുടുംബാസൂത്രണ സമവാക്യവുമായി യു.പി മന്ത്രി
ഭഗ്പത്: ജനസംഖ്യ നിയന്ത്രണത്തില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ എന്ന സമവാക്യം മാറ്റിയെഴുതി ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി സുനില്‍ ഭരാല. ഹിന്ദു ജനസംഖ്യയിലുണ്ടാകുന്ന കുറവ് നിത്താനാണ് മന്ത്രി പുതിയ സമവാക്യം കൊണ്ടുവരുന്നത്. 'നാം അഞ്ച്' എന്ന ആശയമാണ് മന്ത്രി മുന്നോട്ടുവച്ചത്. ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വേണം. അതിലൊരാള്‍ നിര്‍ബന്ധമായും പെണ്‍കുട്ടിയായിരിക്കണമെന്നും മന്ത്രി പറയുന്നു.
ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. നിയമം ഇല്ലാതെതന്നെ ഹിന്ദുക്കള്‍ ജനന നിയന്ത്രണം നടപ്പാക്കുന്നു. പല കുടുംബങ്ങളിലും ഒരു കുട്ടി മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഹിന്ദു ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാം അഞ്ച് എന്ന സമവാക്യം പാലിക്കണമെന്നാണ് വ്യക്തിപരമായി തനിക്ക് പറയാനുള്ളത്. കൂടാതെ കുടുംബത്തില്‍ അമ്മായിമാര്‍, മുത്തശ്ശിമാര്‍, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരുമായുള്ള ബന്ധം തുടരണം. മന്ത്രി പറഞ്ഞു.
ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയില്ലെങ്കില്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പോലും 'ഹിന്ദുത്വ' സുരക്ഷിതമായിരിക്കില്ലെന്നാണ് ബി.ജെ.പി എം.എല്‍.എ സുന്ദര സിംഗ് നേരത്തെ പ്രതികരിച്ചത്.
അസമില്‍ ഒക്‌ടോബറില്‍ ജനസംഖ്യ നിയന്ത്രണത്തിനുള്ള നിര്‍ദേശം കര്‍ശനമായി നടപ്പാക്കിയിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ 2021 ജനുവരി മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ ചേര്‍ന്നതില്‍ നിന്ന് അയോഗ്യരാക്കിയിരുന്നു.