http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/Untitled_813.png

സ്വാതന്ത്ര്യത്തിന് പിന്നാലെ രാജ്യത്തെ വിഭജിച്ച കോണ്‍ഗ്രസ് ധാര്‍മികത പാലിച്ചില്ല; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

by

ന്യൂഡൽഹി: പൗരത്വ ബില്‍ അവതരണത്തിനിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സ്വാതന്ത്ര്യത്തിന് പിന്നാലെ രാജ്യത്തെ വിഭജിച്ച കോണ്‍ഗ്രസ് ധാര്‍മികത പാലിച്ചില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പൗരത്വബില്‍ അവതരിപ്പിക്കേണ്ടി വന്നതെന്ന് അമിത്ഷാ ആരോപിച്ചു. അതേസമയം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തീപാറുന്ന ഏറ്റുമുട്ടലിനൊടുവില്‍ ഏറെ വിവാദമായ പൗരത്വ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തെ 293 പേര് അനുകൂലിച്ചു. കോണ്‍ഗ്രസും മുസ്‍ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളെ 82 അംഗങ്ങള്‍ എതിര്‍ത്തു. പ്രതിപക്ഷനിരയിലേയ്ക്ക് മാറിയ ശിവസേന പൗരത്വബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

പൗരത്വം മതത്തിന്‍റെ അടിസ്ഥാനത്തിലാകുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബില്ലിലെ മതവിവേചനം പി.കെ കുഞ്ഞാലിക്കുട്ടിയും ശശി തരൂരും ഉന്നിയിച്ചു. നിയമനിര്‍മാണത്തിന് കോടതിയുടെ അംഗീകാരം കിട്ടില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ബില്ല് ന്യൂനപക്ഷ വിരുദ്ധമല്ലെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. ഉത്തരപൂര്‍വ വിദ്യാര്‍ഥി സഘടന ഈ സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ഒാള്‍ ആരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്സ് യൂണിയനും ബന്ദിനെ പിന്തുണയ്ക്കുന്നു. അസമില്‍ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധക്കാര്‍ ദേശീയപാതകള്‍ ഉപരോധിക്കുന്നു. ടയറുകള്‍ കുട്ടിയിട്ട് കത്തിച്ചാണ് മാര്‍ഗതടസം സൃഷ്ടിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.