ലോക്സഭയില്‍ ഉവൈസി ബില്‍ കീറിയെറിഞ്ഞു
ബില്‍ രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നും ഉവൈസി
by Web Deskലോക്സഭയില്‍ പൌരത്വ ഭേദഗതി ബില്ലിനെതിരെ അസദുദ്ദീന്‍ ഉവൈസിയുടെ പ്രതിഷേധം. സഭയില്‍ ഉവൈസി പൌരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞു. ബില്‍ രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നും ഉവൈസി പറഞ്ഞു.
ബില്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നും മുസ്‍ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് ബില്ലിന് പിന്നിലെന്നും ഉവൈസി കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്ക വിവേചനപരമായ നിയമം പാസ്സാക്കിയപ്പോള്‍ അത് കീറി എറിഞ്ഞ മഹാത്മാ ഗാന്ധിയുടെ നടപടി എടുത്തുപറഞ്ഞാണ് ഉവൈസി, പൌരത്വ ബില്‍ ലോക്സഭയില്‍ കീറി പ്രതിഷേധിച്ചത്.
‘ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍വച്ച് വിവേചനപരമായ പൗരത്വ കാര്‍ഡ് കീറിയതിന് പിന്നാലെയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ താനും അങ്ങനെ ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ല. മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരായ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ഭേദഗതി' - ഒവൈസി കുറ്റപ്പെടുത്തി. അതിനിടെ, ഒവൈസിയുടെ നടപടി പാര്‍ലമെന്റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷി എം.പിമാര്‍ ആരോപിച്ചു.
സഭയിലും രാജ്യത്തും പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. പാര്‍ലമെന്‍റിന് പുറത്ത് മുസ്‍ലിംലീഗ് എംപിമാരുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ പ്രതിഷേധച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.