https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/BS-Yediyurappa-5.jpg
ബി.എസ്.യെഡിയൂരപ്പ

തന്ത്രങ്ങളും അടവുകളും പിഴച്ചില്ല; ‘മഹാ’ ഇഫക്ടിന് കർണാടകയിൽ ബിജെപി മറുപടി

by

അടവുകൾ ഒന്നും പിഴച്ചില്ല, തിരക്കഥ പൂർണമായി ‘അരങ്ങിൽ’ എത്തിച്ച ബിജെപി സൂപ്പർഹിറ്റ്. രണ്ടാഴ്ച മുൻപു മഹാരാഷ്ട്രയിൽ ഏറ്റ ക്ഷീണത്തിന് കന്നഡ നാട്ടിൽ മറുപടി. മുഖ്യമന്ത്രിക്കസേരയിൽ ബി.എസ്. യെഡിയൂരപ്പ ഇരിപ്പുറപ്പിക്കുമ്പോൾ‌, പറഞ്ഞു പഴകിയതെങ്കിലും കർ‘നാടകത്തിന്’ താൽക്കാലിക തീരശ്ശീല വീഴുകയാണ്. അട്ടിമറികളും കുതിരക്കച്ചവടങ്ങളും നടന്നില്ലെങ്കിൽ ഇനിയുള്ള മൂന്നര വർഷം സംസ്ഥാനത്ത് ഒറ്റയ്ക്കു ഭൂരിപക്ഷം ഉള്ള ബിജെപി ഭരണം.

വിമതരെ അണിനിരത്തി ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിന് ഇറങ്ങിയ ബിജെപിക്ക് വേണ്ടിയിരുന്നതിന്റെ ഇരട്ടി ഭൂരിപക്ഷമാണ് ലഭിച്ചത്. 15 സ്ഥാനാർഥികളിൽ 12 പേർക്കും മിന്നും വിജയം. കൂറുമാറ്റം വോട്ടർമാർ അംഗീകരിക്കില്ലെന്ന കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും വെല്ലുവിളികളെ കാറ്റിൽപറത്തിയായിരുന്നു 13 വിമതരിൽ 11 പേരുടെയും വിജയം. സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്കായി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം.

ഇവർക്കെതിരെ മണ്ഡലങ്ങളിൽ ഉയർന്ന എതിർപ്പ്, കൂടുതൽ വികസന ഫണ്ട് അനുവദിച്ചും വാഗ്ദാനങ്ങൾ നൽകിയുമാണ് സർക്കാർ നേരിട്ടത്. സിനിമാ താരങ്ങളും പ്രചാരണത്തിൽ സജീവമായിരുന്നു. ഹൊസ്കോട്ടെയിൽ എം.ടി.ബി. നാഗരാജിനു വേണ്ടി കന്നഡ നടി താരയും കെആർ പുരത്തു ബസവരാജിനു വേണ്ടി ശ്രുതിയും പ്രചാരണത്തിനിറങ്ങിയപ്പോൾ യശ്വന്ത്പുരയിൽ എസ്.ടി.സോമശേഖറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ എംപി ശോഭ കരന്തലാജെ പങ്കെടുത്തു. കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റിൽ മൽസരിച്ച സോമശേഖറിനോട് ബിജെപി സീറ്റിൽ പരാജയപ്പെട്ട കന്നഡ നടൻ ജഗ്ഗേഷും പ്രചാരണത്തിനിറങ്ങി.

ദളിനെ പൂട്ടി; വിമതൻ കയറി

പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായിരുന്ന നവംബർ 21നു ബിജെപി സമ്മർദത്തിനു വഴങ്ങി, ജനതാദൾ എസിന്റെ രണ്ടു സ്ഥാനാർഥികളാണ് പിന്മാറിയത്. ഹാവേരി ഹിരെക്കേരൂരിൽ കബ്ബിന കാന്തി മഠാധിപതി ശിവലിംഗ ശിവാചാര്യ സ്വാമിയും ബെളഗാവിയിലെ അത്താണിയിൽ ഗുര ദാസ്യാലുമാണ് പത്രിക പിൻവലിച്ചത്. ഇതോടെ 15 മണ്ഡലങ്ങളിൽ 12 ഇടത്തായി ദളിന്റെ മൽസരം ചുരുങ്ങി. ജെഡിഎസ് ഏറ്റവും വിജയ പ്രതീക്ഷ പുലർത്തിയിരുന്ന രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിൻവലിക്കാൻ സാധിച്ചതോടെ ഉപതിരഞ്ഞെടുപ്പ് ഫലചിത്രത്തിൽ നിന്നു തന്നെ ജെഡിഎസിനെ മായ്ക്കാൻ ബിജെപിക്കായി.

എന്നാൽ ഹൊസ്കോട്ടെയിൽ വിമതൻ ശരത് ബച്ചെഗൗഡയുടെ വിജയം തടയാൻ ബിജെപിക്കു സാധിച്ചില്ല. ഹൊസ്കോട്ടെയിലും വിജയനഗറിലും കോൺഗ്രസിൽനിന്ന് അയോഗ്യരായ എം.ടി.ബി നാഗരാജിനെയും ആനന്ദ് സിങ്ങിനെയും സ്ഥാനാർഥികളാക്കിയതിനെത്തുടർന്നാണ് യുവമോർച്ച സംസഥാന സെക്രട്ടറി കൂടിയായിരുന്ന ശരത് ബച്ചെഗൗഡ ബിജെപിയുമായി ഇടഞ്ഞത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ശരത്തിനെ ബിജെപി പുറത്താക്കുകയും ചെയ്തു. ദൾ പിന്തുണയോടെ ഹൊസ്കോട്ടെയിൽ സ്വതന്ത്രനായി മൽസരിച്ച ശരത് മുതിൽ നേതാവ് എം.ടി.ബി നാഗരാജിനെ തറപറ്റിച്ചത് ബിജെപിക്ക് കനത്ത പ്രഹരമായി.

കോൺഗ്രസ്–ദൾ ഭാവി

ഒന്നിച്ചു ഭരിച്ച പാർട്ടികൾ ഒറ്റയ്ക്ക് മൽസരിച്ച കാഴ്ചയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഉപതിരഞ്ഞെടുപ്പിനു മുൻപു തന്നെ ബിജെപി അനുകൂല പ്രസ്താവനകളുമായി ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. അടുത്ത മൂന്നരവർഷം യെഡിയൂരപ്പ സർക്കാർ സുരക്ഷിതമെന്നാണ് ദേവെഗൗഡ പറഞ്ഞത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ദളിനെ ഒരുക്കാൻ സമയം വേണമെന്നും സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഭരണകക്ഷിയോടു മൃദുസമീപനവുമായി വിമതരെ കൂടെനിർത്താനാകും ഇനി പാർട്ടിയുടെ നീക്കം.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/karnataka-bypoll-map-1.jpg

ജെഡിഎസിന്റെ സിറ്റിങ് സീറ്റായ ഹുൻസൂർ പിടിച്ചെടുത്തത് മാത്രമാണ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസം. സഖ്യസർക്കാരിനെ താഴെയിറക്കിയ 11 വിമതരുടെ ജയം കോൺഗ്രസിനു തിരിച്ചടിയാണ്. ബിജെപി ഭൂരിപക്ഷം നേടിയില്ലെങ്കിൽ ജെഡിഎസുമായി വീണ്ടും കൈകോർക്കാനുള്ള കരുക്കൾ നീക്കി കോൺഗ്രസ് തുടങ്ങിയിരുന്നു.

എന്നാൽ ആ നീക്കങ്ങൾ പാഴായി. കോൺഗ്രസിലെ ഉൾപ്പാർട്ടി പോരു തന്നെയാണ് പാർട്ടിക്കു തലവേദന. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ജി.പരമേശ്വര ഗ്രൂപ്പുകളെ അടക്കി നിർത്താൻ നേതൃത്വം പാടുപെടും. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ നിയമസഭാ കക്ഷി നേതാവ് സ്ഥാനം രാജിവച്ചു കഴിഞ്ഞു. സിദ്ധരാമയ്യക്കു പകരം ഡി.കെ.ശിവകുമാർ നേതൃപദവിയിലേക്ക് എത്തണമെന്ന പാർട്ടിയിൽ ഏറെനാളായുള്ള വികാരത്തിന് ഇനി ശക്തി കൂടും.

യെഡിയൂരപ്പയുടെ വെല്ലുവിളി

പ്രതിപക്ഷത്തെ വിമതരെ കൂടെനിർത്താനായെങ്കിലും സ്വന്തം പാർട്ടിയിലെ വിമതരാകും യെഡിയൂരപ്പയ്ക്ക് ഇനി തലവേദന. തിരഞ്ഞെടുപ്പിനു മുൻപുതന്നെ അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകഴിഞ്ഞിരുന്നു. ഇന്നലെ കയറിവന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുമ്പോൾ നേതാക്കൾക്കിടയിൽ മുറുമുറുപ്പ് ഉയരുന്നുണ്ട്.

മുൻനിര നേതാക്കളടക്കം ബിജെപിയിൽ മന്ത്രിമാരാവാൻ കാത്തിരിക്കുന്നു. ഇവരെ സമാധാനിപ്പിക്കാൻ മാർഗം കണ്ടെത്തുകയാണ് ഭരണം സുഗമമാക്കാനുള്ള യെഡിയൂരപ്പയുടെ ആദ്യ കടമ്പ. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ ഇവരെ ഒതുക്കാൻ സാധിച്ചാൽ അടുത്ത മൂന്നര വർഷം യെഡിയൂരപ്പയ്ക്ക് സമാധാനമായി ഭരിക്കാം.

English Summary: BJP Dominance in Karnataka Byelection Result