https://janamtv.com/wp-content/uploads/2019/12/accuse.jpg

ഹൈദരാബാദ് ഏറ്റുമുട്ടല്‍; പ്രതികള്‍ കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റ് ; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

by

ഹൈദരാബാദ് : തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രതികളുടെ പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നാല് പ്രതികളും നെഞ്ചില്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ മുഖ്യപ്രതിയായ ആരിഫിന് വാരിയെല്ലിലും, നവീന് കഴുത്തിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

പ്രതികളുടെ മൃതദേഹം നിലവില്‍ മഹബൂബനഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ വെള്ളിയാഴ്ചവരെ സംസ്‌കരിക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ വ്യാഴാഴ്ചവരെയാണ് സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തേടിയിരിക്കുന്നത്.

അതേസമയം തെളിവെടുപ്പിനിടെ പ്രതികള്‍ പോലീസിനെ ആക്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസിന്റെ വിശദീകരണം. പോലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് സൈബരാബാദ് കമ്മീഷണര്‍ വിസി സജ്ജനാറും അറിയിച്ചു.

കേസില്‍ അന്വേഷണം നടത്താന്‍ മഹേഷ് ഭഗവതിനെ തലവനാക്കി എട്ടംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ സാഹചര്യം പരിശോധിച്ച് സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.