https://janamtv.com/wp-content/uploads/2019/12/delhi-polutin.jpg

ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ഭാഗികമായി പിന്‍വലിച്ചു

by

ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഭാഗികമായി പിന്‍വലിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണിവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഭാഗികമായി നീക്കിയത്.

ഇതിന് പുറമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് കാണിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. മലിനീകരണം നിയന്ത്രിക്കുന്നതിനായി സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നതായും മലിനീകരണം തടയുന്നതിനായി സ്‌മോഗ് ടവറുകള്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എഎന്‍എസ് നഡ്കര്‍ണി കോടതിയെ അറിയിച്ചു.

മലിനീകരണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഈ മാസം 16 ന് കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. വായു മലിനീകരണം അതിരൂക്ഷമയതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പകല്‍ സമയങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണം രൂക്ഷമാകാന്‍ കാരണമാകും എന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതിന് പുറമേ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു.