കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് ബി.എസ് യെദ്യൂരപ്പ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356943/yeddi.jpg

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്് യെദ്യൂരപ്പ. കര്‍ണാടകയില്‍ ഉപതിരെഞ്ഞടുപ്പ് നടന്ന 15ല്‍ 12 സീറ്റിലും ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും കൂറുമാറി എത്തിയ എം.എല്‍.എമാരാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വീണ്ടും വിജയിച്ചത്.

കൂറുമാറിയ എം.എല്‍.എമാര്‍ക്ക് സുപ്രീം കോടതി അയോഗ്യത കല്‍പ്പിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ 15 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് വിമതരെ കൂട്ടുപിടിച്ച് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താന്‍ ആറ് സീറ്റില്‍ വിജയം അനിവാര്യായിരുന്നു. എന്നാല്‍ 12 സീറ്റിലും വിജയം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യെദ്യൂരപ്പ് നന്ദി പറഞ്ഞു. വിമതര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ യെദ്യൂരപ്പ ഉടന്‍ ഡല്‍ഹിയില്‍ എത്തും. സംസ്ഥാനത്ത് ഭരണസ്ഥിരത ഇല്ലായിരുന്നു. എന്നാല്‍ ഇനി മികച്ച ഭരണം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസും ജനതാദളും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.