എട്ടാമത് കയര്‍ കേരളയ്ക്ക് തിരശീല വീണു; 20 കോടി രൂപയുടെ കച്ചവടം നടന്നിരുന്ന മേളയില്‍ ഇക്കുറി ലഭിച്ചത് 399 കോടി രൂപയുടെ ഓര്‍ഡര്‍; കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പുനഃസംഘടനയ്ക്ക് മൂര്‍ത്തരൂപം നല്‍കിയെന്ന് മുഖ്യമന്ത്രി

by

ആലപ്പുഴ: (www.kvartha.com 09.12.2019) കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പുനഃസംഘടനയ്ക്ക് മൂര്‍ത്തരൂപം നല്‍കിയാണ് എട്ടാം കയര്‍ കേരളയ്ക്ക് തിരശീല വീണതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണഗതിയില്‍ 20 കോടി രൂപയുടെ കച്ചവടം നടന്നിരുന്ന മേളയില്‍ ഇക്കുറി 399 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്. സാധാരണ കയര്‍ത്തൊഴിലാളി മുതല്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ നേട്ടം പ്രയോജനപ്പെടും. സര്‍ക്കാരിനെ സംബന്ധിച്ച് കയര്‍ത്തൊഴിലാളികളുടെ തൊഴിലും കൂലിയും സ്ഥായിയാവുകയാണ് പ്രധാനം. ആ ലക്ഷ്യം നേടിക്കൊണ്ട് കയര്‍ വ്യവസായമാകെ പുതിയ ഉണര്‍വിലേയ്ക്ക് എത്തിക്കുകയാണ് രണ്ടാം കയര്‍ വ്യവസായ പുനസംഘടനയുടെ ലക്ഷ്യം. ആ ലക്ഷ്യം എത്രയും വേഗത്തില്‍ നേടുമെന്ന് കയര്‍ കേരള 2019 ഉറപ്പാക്കിയതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മേള വേറിട്ട അനുഭവമായി. ആലപ്പുഴയുടെ സാംസ്‌ക്കാരികസംഗമമായി കയര്‍ കേരള മാറിക്കഴിഞ്ഞു. കലാസാംസ്‌കാരിക പരിപാടികള്‍ വീക്ഷിക്കാന്‍ കുട്ടികളും കുടുംബങ്ങളും തിങ്ങിനിറഞ്ഞത് ആവേശമുണര്‍ത്തുന്ന കാഴ്ചയായി. മതനിരപേക്ഷമായ ഇത്തരം ഒത്തുകൂടല്‍ വേദികള്‍ വിപുലപ്പെടുന്നത് അനിവാര്യം തന്നെയാണെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മണ്ണുജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും റോഡു നിര്‍മ്മാണത്തിനും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തു തന്നെ ഭൂവസ്ത്രം റോഡു നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം അതു സാധ്യമായില്ല. ആ പ്രതിബന്ധം ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷം തന്നെ മറികടന്നു. മണ്ണു ജല സംരക്ഷണത്തിനും റോഡു നിര്‍മ്മാണത്തിനുമായി 102 കോടിയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ കയര്‍മേളയില്‍ ധാരണാപത്രം ഒപ്പിട്ടത്. ഈ നേട്ടം സാധ്യമാക്കുന്നതിന് ഊര്‍ജസ്വലമായ ഒരു മുന്നൊരുക്കം നടന്നിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

https://1.bp.blogspot.com/-9RmMMRWKkg0/Xe5WyRj7x_I/AAAAAAAB1M8/T_01GMr6NIcuH429jShM3z1WCBhrmcgigCLcBGAsYHQ/s1600/kayar.jpg

തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഭരണനേതൃത്വവും ഉദ്യോഗസ്ഥ സംവിധാനവും കയര്‍ ജീവനക്കാരും തമ്മിലുള്ള കൃത്യമായ ഏകോപനവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനവുമാണ് നേട്ടം യാഥാര്‍ത്ഥ്യമാക്കിയതെന്നും അതിനു മുന്നിലും പിന്നിലും നിന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ളത് വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ദിനങ്ങളാണ്. ഇപ്പോള്‍ കണ്ട ഒരുമയും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനവും കൂടുതല്‍ സജീവമായി തുടര്‍ന്നു കൊണ്ടുപോകണം. എങ്കില്‍ മാത്രമേ ഇപ്പോള്‍ പാകിയ വിത്തു മുളയ്ക്കൂ. അടുത്ത കയര്‍ കേരളയ്ക്ക് നാം ഒത്തുകൂടുമ്പോള്‍, നമുക്കു കൈവന്ന അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്തിയതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടു ജനസമക്ഷം ഹാജരാക്കാന്‍ കഴിയണം. അതിനുവേണ്ടിയുള്ള യത്‌നമാകണം ഇനിയുള്ള ദിവസങ്ങളില്‍ മേഖലയിലെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Pinarayi vijayan, Chief Minister, Government, Alappuzha, Kayar kerala mega mela ends with new vision; Pinarayi vijayan