https://images.assettype.com/mediaone%2F2019-12%2Fe0f6c95f-fbd0-4861-a3fe-6348677ddb93%2Fi_league_football_match_b89705fe_1a6e_11ea_9a0d_a0e38c0c67e3.jpg?w=640&auto=format%2Ccompress&fit=max

റിയല്‍ കശ്മീരിന്റെ രണ്ട് ഹോം മാച്ചുകള്‍ മാറ്റിവെച്ചു

റിയല്‍ കശ്മീരിന്റെ ഗോകുലം കേരള എഫ്.സിയും ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്...

by

മോശം കാലാവസ്ഥയെ തുടര്‍ന്ന് റിയല്‍ കശ്മീര്‍ എഫ്.സിയുടെ ഐ ലീഗിലെ ആദ്യ രണ്ട് ഹോം മാച്ചുകള്‍ മാറ്റിവെച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഗോകുലം കേരള എഫ്.സിക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്.സിക്കുമെതിരായ മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്.

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തിലെ വെളിച്ചം കാണുന്നതിന് വിമാനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. ദൂരക്കാഴ്ച്ച പരിമിതമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വിമാനങ്ങളൊന്നും തന്നെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുകയോ വന്നിറങ്ങുകയോ ചെയ്തിരുന്നില്ല.

12ന് റിയല്‍ കശ്മീരുമായുള്ള മത്സരത്തിന് ഇന്നാണ് ഗോകുലം കേരള എഫ്.സി താരങ്ങള്‍ ശ്രീനഗറില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് വരേണ്ട വിമാനം അടക്കം റദ്ദാക്കി. ഡിസംബര്‍ 14 വരെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് കൂടി വന്നതോടെയാണ് എ.ഐ.എഫ്.എഫ് നടപടി. 15നായിരുന്നു ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള മത്സരം തീരുമാനിച്ചിരുന്നത്.

ഡിസംബര്‍ 20ന് ശേഷം ശ്രീനഗറിലെ കാലാവസ്ഥ കൂടുതല്‍ അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 26ന് ചെന്നൈ സിറ്റി എഫ്.സിയുമായുള്ള മത്സരം നടത്താനാവുമെന്നാണ് റിയല്‍ കശ്മീര്‍ എഫ്.സി അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ആദ്യമായി ഐലീഗിലെത്തിയ റിയല്‍ കശ്മീര്‍ മൂന്നാംസ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.