‘ഒന്നും അനുവദിക്കില്ല, താനുള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ല’ ബില്ലിനെതിരെ ആഞ്ഞടിച്ച് മമത
ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി
by Web Deskതാനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് മമതയുടെ വിമര്‍ശനം. പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് മമത പറഞ്ഞു.
ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭയില്‍ നടക്കുന്നത്. ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബില്ലിനെ സഭയില്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ അംഗങ്ങള്‍ നിലപാടെടുത്തിരുന്നു.
രാജ്യത്തും ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നു. അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. പാര്‍ലമെന്‍റിന് പുറത്ത് മുസ്‍ലിംലീഗ് എംപിമാരുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ പ്രതിഷേധച്ചു. ആസാം അടക്കം നിരവധി കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. ബില്ലിനെതിരെ രണ്ട് ദിവസത്തെ ബന്ദിനാണ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ കിഴക്കന്‍ സംസ്ഥാനങ്ങളിലും ബന്ദ് നടത്തണമെന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.