പേടിപ്പെടുത്തുന്ന ശ്മശാനമൂകത; ഇത് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്!
by മനോരമ ലേഖകൻഒറ്റപ്പെട്ട ഒരു ദ്വീപില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരമായൊരു കുഞ്ഞുവീട്..കഥകളില്‍ മാത്രം കേട്ടിട്ടുള്ള പോലെയൊരു വീടുണ്ട് അങ്ങ് ഐസ്‌ലൻഡിൽ. എല്ലിടെയ്യ് എന്ന ദ്വീപിലാണ് ഈ ഒറ്റപെട്ട വീടുള്ളത്. അറ്റ്ലാന്റിക് കടലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഈ ദ്വീപില്‍ ഈയൊരു വീട് മാത്രമേ ഉള്ളൂ എന്നതാണ് അതിശയം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീടെന്ന പദവിയും ഈ വീടിനാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മുന്‍പ് ഈ ദ്വീപില്‍ അഞ്ചു കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. 1930 ഓടെ അവസാനകുടുംബവും ഈ ദ്വീപ് വിട്ടു പോയി. എന്നാല്‍ ഇന്ന് ഈ ദ്വീപും ഇവിടുത്തെ ഈ ദുരൂഹമായ വീടും ആരുടെ കൈവശം ആണെന്നത് സംബന്ധിച്ച് പല വാദങ്ങളും നിലവിലുണ്ട്.
പ്രശസ്ത ഗായിക ബിജോർക്കിന്റെ ആണ് ഈ വീടെന്നതാണ് ഒരു വാദം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയാണ് ബിജോര്‍ക്ക് ഈ വീട് സ്വന്തമാക്കിയത് എന്നാണ് വാദം. എന്നാല്‍ ഇതില്‍ വാസ്തവം ഇല്ലെന്നാണ് പല റിപ്പോര്‍ട്ടും പറയുന്നത്. ഒറ്റപ്പെട്ട ഒരു വീട് വേണമെന്ന് ഗായിക ബിജോര്‍ക്ക് മോഹിച്ചിരുന്നു എന്നല്ലാതെ ഈ വീട് അവരുടെ ആണെന്ന് എവിടെയും പറയുന്നില്ല.
അതല്ല മറ്റൊരു കോടീശ്വരന്റെ ആണ് ഈ വീടെന്നും ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു വേട്ട സംഘത്തിന്റെ ഇടക്കാലതാവളം ആണ് ഈ ക്യാബിൻ എന്നാണ് ഏറ്റവും വ്യാപകമായി പറയപ്പെടുന്നത്. ഈ വീട് ഒറിജിനൽ അല്ലെന്നും വെറും ഫോട്ടോഷോപ്പ് ആണെന്നും പറയുന്നവരുമുണ്ട്. കടലിനു നടുവിലെ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ഇങ്ങനെ ഒരു വീട് ഉണ്ടാവില്ല എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും ഐസ്‌ലൻഡ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരു അഭിപ്രായവും പുറത്തുവിട്ടിട്ടില്ല. കടല്‍ പക്ഷികളുടെ സങ്കേതം ആണ് ഈ ദ്വീപ്. അതിനാല്‍ അതീവ സുരക്ഷയുള്ള ജൈവമേഖലയായാണ് ഇവിടം പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary- Loneliest House in the World