https://janamtv.com/wp-content/uploads/2019/12/shane_nigam-copy.jpg

ചര്‍ച്ചകള്‍ക്ക് വാസ്തവ വരുദ്ധമായ പ്രതികരണങ്ങളുമായി ഷെയിന്‍; ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്നോട്ട്

by

കൊച്ചി: ഷെയിന്‍ നിഗം വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് അമ്മയും ഫെഫ്കയും പിന്‍മാറുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിരുദ്ധമായ പ്രതികരണങ്ങള്‍ ഷെയ്ന്‍ നടത്തുന്നത് തുടര്‍ ചര്‍ച്ചകളെ ബാധിക്കും. കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരമാകുവെന്ന് നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ഷെയിന്‍ നിഗം വിഷയം അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ സിദ്ദിക്കും കഴിഞ്ഞ ദിവസം ഷെയിന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളോട് അനുകൂലമല്ലാത്ത രീതിയിലാണ് ഷെയിനിന്റെ പല പ്രതികരണങ്ങളുമെന്നാണ് നിര്‍മ്മാതാക്കളുടെയും ഷെയിനിന്റെ നിസഹകരണത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച സംവിധായകരുടെയും പരാതി. നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിശേഷിപ്പിച്ചതും പ്രശ്‌നം രൂക്ഷമാക്കി.

ഷെയിന്‍ വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ വേണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷം ഫെഫ്കയുമായുള്ള ചര്‍ച്ചയും തുടര്‍ന്ന് ഷെയിന്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചയും നടത്താന്‍ തീരുമാനമായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഏകപക്ഷീയമാണെന്ന ഷെയിനിന്റെ പ്രതികരണമാണ് സമവായചര്‍ച്ചകളെ വീണ്ടും പിന്നോട്ടടിച്ചതിന് മറ്റൊരു കാരണം.

അമ്മയും ഫെഫ്കയും ഇനി ചര്‍ച്ചകള്‍ക്ക് മുന്‍ കൈയെടുക്കില്ല. അധിക സമയം അഭിനയിപ്പിച്ചെന്ന ഷെയിനിന്റെ പരാതി വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വെയിലിന്റെ സംവിധായകന്‍ ശരത് മേനോന്‍ ഇന്ന് നടന്ന അമ്മ- ഫെഫ്ക യോഗത്തില്‍ ക്യാമറ ലോഗ് ബുക്ക് ഹാജരാക്കി. കൂടുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ സിനിമാ സംഘടനകള്‍ നടത്തുന്നതിനിടെയാണ് പ്രകോപനപരമായ ഷെയിനിന്റെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി ഇനി മുന്നോട്ടു പോകേണ്ടെന്ന നിലപാടിലേക്ക് അമ്മയും ഫെഫ്കയും എത്തുന്നത്.