https://img.manoramanews.com/content/dam/mm/mnews/news/india/images/2019/12/9/unnavo-dead-body-ice.jpg

16 മണിക്കൂർ അനീതി; ഉന്നാവ് യുവതിയുടെ മൃതദേഹം വെറും ഐസ്പാളിക്ക് മുകളിൽ

by

മൊബൈൽ മോർച്ചറി പോലുമുണ്ടായിരുന്നില്ല. വെറും ഐസ് പാളിക്കുമേലെ നീതിനിഷേധത്തിന്റെ പൊള്ളലടങ്ങാതെ ഉന്നാവ് യുവതി കിടന്നു, 16 മണിക്കൂർ. ‘‘സർക്കാർ ജോലി കാത്തിരുന്നവളാണിത്. മുഖ്യമന്ത്രി വരാതെ സംസ്കാരം നടത്തില്ല. യോഗി ആദിത്യനാഥിനോട് എനിക്കു നേരിട്ടു സംസാരിക്കണം’’ – മൂത്ത സഹോദരിയുടെ രോഷം അണപൊട്ടി. രാവിലെ ഏഴിനു തിരക്കിട്ടു സംസ്കാരം നടത്താനിരുന്ന പൊലീസ് ഉത്തരംമുട്ടി നിന്നു. മുഖ്യമന്ത്രിയെ ലക്നൗവിൽ പോയി കാണാൻ സൗകര്യമൊരുക്കാമെന്ന വാഗ്ദാനം ആ രോഷത്തിന്റെ ചൂടിൽ ചാമ്പലായി. മുഖ്യമന്ത്രിക്കു പകരമെത്തിയതു ലക്നൗ ഡിവിഷനൽ കമ്മിഷണർ.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 25 ലക്ഷം രൂപയ്ക്കു പുറമേ പ്രധാനമന്ത്രി ആവാസ് യോജന വഴി വീട്, കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി, സ്വയംരക്ഷയ്ക്കായി ആവശ്യമെങ്കിൽ തോക്ക് തുടങ്ങിയവയ്ക്കു നടപടി സ്വീകരിക്കുമെന്നും വരെ പറഞ്ഞിട്ടും സഹോദരി നിലപാടിൽ ഉറച്ചുനിന്നു.

16 മണിക്കൂറായി ഐസ് പാളിക്കു മുകളിൽ വച്ചിരിക്കുന്ന മൃതദേഹമാണെന്നും സമയം വൈകുന്നതു ശരിയല്ലെന്നും പറ‍ഞ്ഞ് പൊലീസ് വീണ്ടും സമ്മർദം ചെലുത്തിയപ്പോൾ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കുടുംബം നിസ്സഹായം വഴങ്ങി.

അന്ത്യകർമങ്ങൾക്കു ചന്ദനത്തിരി പോലുമുണ്ടായിരുന്നില്ല. സങ്കടങ്ങൾക്കിടയിലും സ്വന്തം കീശയിൽനിന്ന് 20 രൂപ നൽകി അച്ഛൻ മകനെ പറഞ്ഞുവിടുമ്പോൾ മാത്രമാണു പൊലീസിന്റെ സഹായമനസ്സുണർന്നത്. കുട്ടിയെ തിരികെവിളിച്ചു രണ്ടു പൊലീസുകാരെ വിട്ടു സാധനങ്ങളെത്തിച്ചു.

നാട്ടുകാരൊന്നടങ്കം ഒഴുകിയെത്തിയ സംസ്കാരച്ചടങ്ങിൽ സർക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും കമൽ റാണി വരുണും പങ്കെടുത്തു. വീടിനോടു ചേർന്ന പാടത്തെ മണ്ണോടു ചേരുമ്പോഴും അവൾ ഉന്നയിക്കുന്ന ചോദ്യം നവ ഇന്ത്യയുടെ ഉള്ളുപൊള്ളിക്കുന്നു– ‘എവിടെ സ്ത്രീസുരക്ഷ ?’

കടപ്പാട്: മലയാള മനോരമ