ബുക്‌സര്‍ ജയിലില്‍ തൂക്കുകയറുകള്‍ ഒരുങ്ങുന്നു; 25 ദിവസത്തിനുള്ളില്‍ 10 തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം; എവിടേക്കെന്നത് അവ്യക്തം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356947/sentenced-death.jpg

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഭരണാധികാരികള്‍ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറാകുന്നതായി സൂചന. വധശിക്ഷ ഉപയോഗിക്കുന്ന തൂക്കുകയര്‍ ഒരുക്കാന്‍ ബീഹാറിലെ ബുക്‌സര്‍ സെന്‍ട്രല്‍ ജയില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചതോടെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

രാജ്യത്തെ വിവിധ ജയിലുകളിലേയ്ക്ക് തൂക്കു കയര്‍ തയ്യാറാക്കി നല്‍കുന്നത് ബുക്‌സറില്‍ നിന്നാണ്. അടുത്ത ഇരുപത്തിയഞ്ച് ദിവസത്തിനകം 10 തൂക്കു കയറുകള്‍ തയ്യാറാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

മൂന്ന് ദിവസമാണ് തൂക്കുകയര്‍ നിര്‍മ്മിക്കാനായി വേണ്ടി വരിക. പരുത്തി നൂല്‍ കൊണ്ടാണ് തൂക്കുകയര്‍ ഒരുക്കുന്നത്. 7200 നൂലുകളാണ് ഒരു കയറില്‍ ഉണ്ടാകുക. 150 കിലോഗ്രാം വരെ ഭാരം ഇതിന് താങ്ങാനാകും.

വിവിധ ജയിലുകളിലായി നിരവധിപ്പേരാണ് രാജ്യത്ത് വധശിക്ഷ കാത്ത് കിടക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടു പോലും ശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുകയാണ്. ഇത്തരക്കാരുടെ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനായി ഭരണാധികാരികള്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2008 ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കായാണ് അവസാനമായി ബുക്‌സറില്‍ നിന്നും തൂക്കുകയര്‍ നിര്‍മിച്ച് നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ എവിടെ നിന്നാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്ന് ബുക്‌സര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.