https://images.assettype.com/mediaone%2F2019-12%2F1dc035fe-f2e3-4591-8b88-cee3b6f38bba%2F77049.jpg?w=640&auto=format%2Ccompress&fit=max

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് മുന്നേറ്റം, കോൺഗ്രസിന് രണ്ട് സീറ്റ് 

വിമതരുടെ കരുത്തിൽ 12 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു

by

കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റം. വിമതരുടെ കരുത്തിൽ 12 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന്റെ ജയം രണ്ടിലൊതുങ്ങി. 13 മണ്ഡലങ്ങളിൽ മത്സരിച്ച ജെ.ഡി.എസ് എവിടെയും ജയിച്ചില്ല.

https://images.assettype.com/mediaone%2F2019-12%2F1d980a3b-a35b-436d-b156-701301b0a8f3%2Fbjp.jpg?w=1200&auto=format%2Ccompress

പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ മുതൽ തന്നെ ബി.ജെ.പിയുടെ മുന്നേറ്റം പ്രകടമായിരുന്നു. പത്ത് റൗണ്ടുകൾ പിന്നിട്ടപ്പോഴേക്കും പത്ത് സീറ്റുകളിൽ സ്ഥിരതയാർന്ന ലീഡിലെത്തി. അടുത്ത റൗണ്ടുകളിൽ ജെ.ഡി.എസ് ലീഡ് നിലനിർത്തിയിരുന്ന കെ.ആർ പേട്ടയും യശ്വന്ത്പുരയും ഭരണപക്ഷത്തിന് ഒപ്പമായി. ഏറ്റവും കൂടുതൽ ലീഡ് നേടിയത് കെ.ആർ പുരയിൽ മത്സരിച്ച ബി.എ. ബസവരാജാണ്. 61,583. കുറവ് കെ.ആർ പേട്ടിൽ ജെ.ഡി.എസിനെ പരാജയപ്പെടുത്തിയ നാരായണ ഗൗഡയ്ക്കും. 9731 വോട്ടുകൾ. ബാക്കി പത്തിടത്തും പതിനയ്യായിരത്തിന് മുകളിലാണ് ബി.ജെ.പിയുടെ ഭൂരിപക്ഷം. വിമതരിൽ പ്രധാനികളായിരുന്ന രമേഷ് ജാർക്കി ഹോളി, ശിവറാം ഹെബ്ബാർ, ആനന്ദ് സിങ്, ഗോപാലയ്യ തുടങ്ങിയവരെല്ലാം കരുത്ത് കാട്ടി.

ഇപ്പുറത്ത് കോൺഗ്രസിന്റെ ആധിപത്യം രണ്ട് സീറ്റുകളിലായി ഒതുങ്ങി. ഹുൻസൂരിൽ മഞ്ജുനാഥ് 39727 വോട്ടുകൾക്കും ശിവാജി നഗറിൽ റിസ് വാൻ അർഷാദ് 13521 വോട്ടുകൾക്കും വിജയിച്ചു. ജെഡിഎസിൽ നിന്ന് മറുകണ്ടം ചാടിയ എച്ച്.വിശ്വനാഥായിരുന്നു ഹുൻസൂരിലെ ബിജെപി സ്ഥാനാർത്ഥി. ഇത് മാത്രമാണ് കോൺഗ്രസിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത്. മറ്റൊരു പ്രധാനപ്പെട്ട പ്രകടനം ഹൊസക്കോട്ടയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ശരത് കുമാർ ബച്ചെ ഗൗഡയുടെതാണ്. 11326 വോട്ടുകൾക്കാണ്, വിമതരിൽ പ്രധാനിയായിരുന്ന എം.ടി.ബി നാഗരാജിനെ തോൽപിച്ചത്. കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 സീറ്റുകൾ നേടിയതോടെ ബിജെപിയുടെ സഭയിലെ അംഗബലം 117 ആയി. ഒരു ബിഎസ്പി അംഗവും സ്വതന്ത്രനും കൂടിയാവുമ്പോൾ ഇത് 119 ആവും.