https://images.assettype.com/mediaone%2F2019-12%2Ffee1c6c4-87cb-4125-a267-9b97c8754986%2Ffile_photo_robin_uthappa_sco.webp?w=640&auto=format%2Ccompress&fit=max

രഞ്ജി; ഉത്തപ്പക്ക് സെഞ്ചുറി, കേരളം ശക്തമായ നിലയില്‍

221 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമാണ് ഉത്തപ്പ 102 റണ്‍സടിച്ചത്.

by

സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യദിനം കേരളം ശക്തമായ നിലയില്‍. റോബിന്‍ ഉത്തപ്പയുടെ സെഞ്ചുറിയും ഓപണര്‍ പി രാഹുലിന്റെ സെഞ്ചുറിയോളം പോന്ന അര്‍ധ സെഞ്ചുറിയുമാണ്(97) ഡല്‍ഹിക്കെതിരെ കേരളത്തിന്റെ നില ഭദ്രമാക്കിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 3ന് 276 എന്ന നിലയിലാണ് കേരളം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. ജലസ് സക്‌സേനക്കൊപ്പം(32) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 68 റണ്‍സും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടും പി രാഹുല്‍ പടുത്തുയര്‍ത്തി. 174 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടക്കം 97റണ്‍സ് നേടിയ പൊന്നം രാഹുലിനെ വികാസ് മിശ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിന് വേണ്ടി ഇറങ്ങിയെങ്കിലും റോബിന്‍ ഉത്തപ്പക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഉത്തപ്പയെ കേരളത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. എന്നാല്‍ അതിന്റെ എല്ലാ ക്ഷീണവും മാറ്റുന്ന സെഞ്ചുറി പ്രകടനമാണ് ഉത്തപ്പ ഡല്‍ഹിക്കെതിരെ നടത്തിയത്.

221 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമാണ് ഉത്തപ്പ 102 റണ്‍സടിച്ചത്. സെഞ്ചുറിക്ക് പിന്നാലെ ഉത്തപ്പ പുറത്താവുകയും ചെയ്തു. ഇതിനിടെ രാഹുല്‍ പുറത്തായതിന് ശേഷം എത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(36*) ഉത്തപ്പയും ചേര്‍ന്ന് 90 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.