https://www.doolnews.com/assets/2019/12/amithshahkunhalikutty-399x227.jpg

ബില്ലില്‍ നിന്ന് മുസ്‌ലിം സമുദായത്തെ മാത്രം ഒഴിവാക്കിയെന്ന് കുഞ്ഞാലിക്കുട്ടി; ഒരു മതത്തിന്റേയും പേര് എടുത്തുപറഞ്ഞിട്ടില്ലെന്ന് അമിത് ഷായുടെ മറുപടി

by

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിപക്ഷത്ത് നിന്നും വരുന്ന കനത്ത പ്രതിഷേധം എന്താണ് കാണിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ഒരു മതവിഭാഗത്തെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയില്ല. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഓരോ മതവിഭാഗത്തിന്റേയും പേരെടുത്തു പറഞ്ഞു. അതില്‍ നിന്നും ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- അദ്ദേഹം ചോദിച്ചു.

ഇതിനിടെ അമിത് ഷാ എഴുന്നേറ്റ് നില്‍ക്കുകയും ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുകയുമായിരുന്നു. പൗരത്വ ഭേഗതി ബില്ലില്‍ ഒരിടത്തും മുസ്‌ലീങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും പ്രതിപക്ഷം വസ്തുതകള്‍ വളച്ചൊടിക്കരുതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണഘടന അപകടകരമായ സാഹചര്യത്തിലാണ് ഉള്ളതെന്നും അമിത് ഷാ ആഭ്യന്തരമന്ത്രി കസേരയില്‍ ആദ്യമായി എത്തിയ ആളായതുകൊണ്ട് അദ്ദേഹത്തിന് നിയമങ്ങള്‍ അറിയില്ലെന്നും ഇതിന് പിന്നാലെ സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുഗതോ റോയ് പറഞ്ഞു.

ലോക്സഭയിലെ പൗരത്വ ഭേദഗതി ബില്ലിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും എതിര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇത് നമ്മുടെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഒരു വിഷയമായി മാത്രം ഇതിനെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല, അത് മൊത്തത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്, ഇത് ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അടിസ്ഥാന മൗലികാവകാശത്തിന് വിരുദ്ധമാണ്’ -അദ്ദേഹം പറഞ്ഞു.