കർണാടകയിൽ 12 സീറ്റിൽ ബിജെപി, കോൺഗ്രസ് രണ്ടിടത്ത്; സർക്കാരിന് ആശ്വാസം
by മനോരമ ലേഖകൻകർണാടകയിൽ യെഡിയൂരപ്പ സർക്കാരിന് ആശ്വാസം. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ 12ലും ബിജെപി വിജയിച്ചു. കോൺഗ്രസ് രണ്ട് സീറ്റുകൾ സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരിടത്തും ജയിക്കാൻ സാധിച്ചില്ല. ശിവാജി നഗർ, ഹുൻസൂർ സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. ഹൊസ്കോട്ടെ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. ബിജെപിയുടെ റിബൽ സ്ഥാനാർഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.
കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. ശിവാജി നഗർ മാത്രമാണ് അവർക്ക് നിലനിർത്താൻ സാധിച്ചത്. ഹുൻസൂർ ജെഡിഎസിൽനിന്ന് പിടിച്ചെടുത്തു. ബിജെപി വിജയിച്ച സീറ്റുകൾ– അത്താണി, കഗ് വാഡ്, ഗോഖക്, യെല്ലാപുര, ഹിരെക്കേരൂർ, റാണിബെന്നൂർ, വിജയനഗര്‍, ചിക്കബെല്ലാപുര, കെ.ആർ പുരം, യശ്വന്ത്പുര, മഹാലക്ഷ്മി ലേഔട്ട്, കൃഷ്ണരാജപേട്ട്. ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയര്‍ന്നു. കേവലഭൂരിപക്ഷത്തിന് വേണ്ടത് 112 സീറ്റും. ഒരു സ്വതന്ത്രൻ ഉൾപ്പടെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്ക് സർക്കാർ നിലനിർത്താൻ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ജയിക്കണമായിരുന്നു. എന്നാൽ ആറ് സീറ്റുകൾ കൂടി അധികമായി നേടിയ ബിജെപി 118 പേരുടെ പിന്തുണ ഉറപ്പാക്കി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിവരങ്ങള്‍ തൽസമയം അറിയാം ചുവടെ...