തൂക്കുകയര്‍ തയാറാക്കാന്‍ നിര്‍ദേശം; നിര്‍ഭയ കേസ് വധശിക്ഷ നടപ്പാക്കാനെന്നു സൂചന
by മനോരമ ലേഖകൻന്യൂഡല്‍ഹി∙ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് പ്രതികളെ അടുത്താഴ്ച തൂക്കിലേറ്റുമെന്നു സൂചന. ബിഹാറിലെ ബക്സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ലഭിച്ചു.
ഈയാഴ്ച അവസാനത്തോടെ തൂക്കുകയര്‍ നിര്‍മിച്ചു നല്‍കാനാണു നിര്‍ദേശം. ഡല്‍ഹിയില്‍ ബസില്‍ നിര്‍ഭയ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് ഏഴു വര്‍ഷം തികയുന്നത് തിങ്കളാഴ്ചയാണ്. നിര്‍ഭയ കേസില്‍ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്മം പവന് ഗുപ്ത എന്നിവര്‍ വധശിക്ഷ കാത്തു തിഹാര്‍ ജയിലയാണ്.
ഡിസംബര്‍ 14-നുള്ളില്‍ തൂക്കുകയറുകള്‍ സജ്ജമാക്കാന്‍ ജയില്‍ ഡയറക്ടറേറ്റില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി ബക്സര്‍ ജയില്‍ സുപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞു. എവിടെ ഉപയോഗിക്കാനാണെന്ന് അറിയില്ല.
വര്‍ഷങ്ങളായി തൂക്കുകയറുകള്‍ നിര്‍മിക്കുന്നത് ബക്സര്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തൂക്കുകയര്‍ നിര്‍മിക്കാന്‍ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും. വളരെ കുറച്ചു മാത്രം യന്ത്രസഹായമേ കയര്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുള്ളു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായിരുന്ന അഫ്സല് ഗുരുവിനെ തൂക്കിലേറ്റാനുള്ള കയറും ബക്സറിലാണു നിര്‍മിച്ചത്. 1725 രൂപയ്ക്കാണ് അവസാനം ഇവിടെനിന്നു കയര്‍ നല്‍കിയത്. ഇരുമ്പും പിത്തളയും കയര്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്.
English Summary: Bihar jail asked to make execution ropes; speculation rife it’s for Nirbhaya convicts