https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/8/unnao-rape-case.jpg
യുവതിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ. ചിത്രം: ജെ.സുരേഷ്

ഉന്നാവ് കേസ്: പീഡനത്തിനു മുൻപ് പ്രതി യുവതിയുമായി വിവാഹക്കരാർ ഒപ്പിട്ടു

by

ലക്നൗ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ബലാത്സംഗം ചെയ്ത കേസിലെ പ്രതി ശിവം ത്രിവേദി യുവതിയുമായി വിവാഹ കരാർ ഒപ്പിട്ടിരുന്നതായാണു വിവരം. കഴിഞ്ഞ വർഷം ജനുവരിയിലാണ് ശിവം ത്രിവേദി ഇത്തരത്തിലൊരു ഉടമ്പടി നടത്തിയത്. അചാരങ്ങളോടെ ഇവരുടെ വിവാഹം നടന്നിരുന്നതായാണു ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ശിവം ത്രിവേദി യുവതിയെ പീഡിപ്പിച്ചത്.

വിവാഹ കരാറിൽ ഉള്ളത് ഇങ്ങനെയാണ്– ‘ഹിന്ദു ആചാരങ്ങളോടെയും സ്വതന്ത്രമായും 2018 ജനുവരി 15ന് ഞങ്ങളുടെ വിവാഹം നടന്നതായി പ്രഖ്യാപിക്കുകയാണ്. ഞങ്ങൾ ഭാര്യാ–ഭർത്താക്കൻമാരായി ഒരുമിച്ചു ജീവിക്കുന്നു. നിയമപരമായ തടസ്സങ്ങൾ ഇല്ലാതിരിക്കാനാണ് ഇങ്ങനെയൊരു കരാറിൽ ഒപ്പിടുന്നത്’. ശിവം ത്രിവേദി കേസ് പിൻവലിക്കുന്നതിനും അനുനയത്തിലെത്തുന്നതിനായി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ബലാത്സംഗക്കേസിൽ യുവതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ‌ എസ്.എൻ. മൗര്യ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഗ്രാമത്തിനു പുറത്തുള്ള കോടതിയിലേക്കു പോകുംവഴിയാണ് ശിവം ത്രിവേദിയും മറ്റു നാലു പ്രതികളും ചേർന്ന് യുവതിക്കു നേരെ അക്രമം നടത്തിയത്. 90 ശതമാനം പൊള്ളലേറ്റ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പിന്നീട് മരണത്തിനു കീഴടങ്ങി. കേസുമായി ബന്ധപ്പെട്ട് ഉന്നാവ് ജില്ലയിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ച യുവതിയുടെ സംസ്കാരച്ചടങ്ങുകൾ ഉന്നാവിലെ ഗ്രാമത്തിൽ നടന്നതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയുണ്ടായത്.

English Summary: Unnao case: Accused signed marriage agreement before raping victim