മെഡിസിന് ചേരുന്നവര്‍ക്ക് ആശ്വസിക്കാം, എം ബി ബി എസ്-പി ജി ഫീസുകള്‍ 70 ശതമാനം കുറഞ്ഞേയ്ക്കും
by മനോരമ ലേഖകൻരാജ്യത്തെ മെഡിക്കല്‍ ഫീസുകള്‍ പകുതിയിലധികം കുറഞ്ഞാലോ? മിടുക്കരായ നിർധന വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത വിധം കുതിച്ചുയരുന്ന എം ബി ബി എസ്,പിജി ഫീസുകളില്‍ വന്‍തോതില്‍ കുറവു വരുത്താനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍.രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ ഇതുവരെ നിയന്ത്രിച്ചിരുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായിട്ടാണ് കഴിഞ്ഞ ആഗസ്തില്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിച്ചത്. 1956 ല്‍ നിലവില്‍ വന്ന മെഡിക്കല്‍ കൗണ്‍സിലിന് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസില്‍ ഇടപെടാന്‍ അധികാരമില്ലായിരുന്നു.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം,വികസനം, ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍,ഉദ്യോഗം അങ്ങനെ എല്ലാം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അധികാര പരിധിയില്‍ വരും. അടുത്ത അധ്യായന വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരും വിധം രാജ്യത്തെ സ്വകാര്യ-ഡീംഡ് സര്‍വ്വകലാശാലകളിലെ ഫീസ് സ്ട്രക്ച്ചര്‍ ഉടച്ചുവാര്‍ക്കുന്നതിനായി ഡ്രാഫ്റ്റ് തയ്യാറാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഗവേണിംഗ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചി്ട്ടുള്ളത്. ഗവേണിംഗ് ബോഡി പദ്ധതിയനുസരിച്ച് മെഡിക്കല്‍ പഠനചെലവ് 70 ശതമാനം വരെ കുറഞ്ഞേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫീസ് 6-10 ലക്ഷം
രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അമ്പത് ശതമാനം എം ബി ബി എസ് സീറ്റുകളില്‍ ഗവേണിംഗ് ബോഡിയുടെ പദ്ധതിയനുസരിച്ച് 6-10 ലക്ഷം രൂപയക്കുള്ളിലായിരിക്കണം വാര്‍ഷിക ഫീസ്. നിലവില്‍ 25 ലക്ഷം രൂപ വരെ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. മൂന്ന് വര്‍ഷത്തെ പി ജി കോഴ്‌സിന് ഒന്നു മുതില്‍ മൂന്ന് കോടി രൂപ വരെയും ഫീസ് വാങ്ങുന്നുണ്ട്. പി ജി കോഴ്‌സുകള്‍ക്ക് 70 ശതമാനം വരെ ഫീസ് കുറയാനുള്ള സാധ്യതയാണുള്ളത്.
പല്ലും നഖവും കൊഴിഞ്ഞ മെഡിക്കല്‍ കൗണ്‍സില്‍
വലിയ ഫീസ് മിടുക്കരായ വിദ്യാര്‍ഥികളെ ഈ മേഖലയില്‍ നിന്നകറ്റുന്നുണ്ടെന്നാണ് പൊതുവേയുള്ള പരാതി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി കുട്ടികള്‍ വ്യാപകമായി പുറത്തേക്കൊഴുകുന്നതും താങ്ങാനാവാത്ത ഫീസുമൂലമാണ്.കുറഞ്ഞ ഫീസ് നിര്‍ണയിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തും. രാഷ്ട്രപതി ആഗസ്ത് എട്ടിന് ഒപ്പു വച്ച നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് 2019 ന്റെ സെക്ഷന്‍ 10 ലെ സബ് സെക്ഷന്‍ ഒന്നില്‍ പെട്ട ചട്ടം ഒന്നില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും ഡീംഡ് സര്‍വ്വകലാശാലയിലേയും അമ്പത് ശതമാനം സീറ്റുകളില്‍ ഫീസും മറ്റ് ചെലവുകളും നിര്‍ണയിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനുളള അധികാരം നിക്ഷിപ്തമാണ്. അഡ്മിഷന്‍ സമയത്ത് ആദ്യവര്‍ഷത്തെ ഫീസ് മാത്രമെ കുട്ടികളില്‍ നിന്ന് ഈടാക്കാവു എന്ന് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ മെഡിക്കല്‍ ഫീസില്‍ ഇടപെടാന്‍ അധികാരമില്ലാതെ പല്ലും നഖവും കൊഴിഞ്ഞ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായിട്ടാണ് പുതിയ സംവിധാനം വന്നത്.
75 ശതമാനം സീറ്റും നാമമാത്ര ഫീസില്‍
നിലവില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ കോളേജുകളിലാണ്. അവിടെ ചെറിയ ഫീസു നല്‍കി പഠിക്കാം. ബാക്കിയുള്ള സീറ്റുകളില്‍ 50 ശതമാനമാണ് എം എന്‍ സി നിയന്ത്രണത്തില്‍ വരിക. ഫലത്തില്‍ രാജ്യത്തെ 75 ശതമാനം മെഡിക്കല്‍ സീറ്റുകളില്‍ നാമമാത്ര ഫീസാകും.