വിദേശത്ത് കന്യാസ്ത്രീയെ സഭ ഉപേക്ഷിച്ചതായി പരാതി; മാതാപിതാക്കള്‍ മാനന്തവാടി രൂപതയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു
by Janam TV Web Deskവയനാട്: വയനാട് നിരവില്‍പ്പുഴ സ്വദേശിനിയായ കന്യാസ്ത്രീയെ വിദേശത്ത് സഭ ഉപേക്ഷിച്ചതായി കുടുംബത്തിന്റെ പരാതി. സഭയില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മകള്‍ മാനസികരോഗിയായെന്നും മകളുടെ തിരിച്ച് വരവിനായി രൂപത ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മാനന്തവാടി രൂപതയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് മാതാപിതാക്കള്‍ പ്രതിഷേധിച്ചു
ഇംഗ്ലണ്ടില്‍ വെച്ച് സഭക്കുളളില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മകള്‍ മാനസിക രോഗിയായി മാറിയെന്നും, ചികിത്സ പോലും ലഭിക്കാതെ ഇംഗ്ലണ്ടില്‍ ഒറ്റക്ക് കഴിയുകയാണെന്നുമാണ് കന്യാസ്ത്രീയുടെ കുടുംബം പറയുന്നത്. മാനന്തവാടി രൂപത തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്നും മകളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നുമാണ് പിതാവ് കല്ലറ ജോസിന്റെ പരാതി.
രൂപതയുടെ അവഗണനക്കെതിരെ ദീപയുടെ കുടുംബം ബിഷപ്പ് ഹൗസിന് മുന്നില്‍ മൂന്ന് മണിക്കൂര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം തടയുമെന്ന് പ്രഖ്യാപിച്ച് കെസിവൈഎം രംഗത്തെത്തി. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. എന്നാല്‍ സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെടുന്ന ആരോപങ്ങളാണ് ഇതെന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് കുടുംബത്തിന്റെ നീക്കമെന്നും സഭ നിലപാട് വിശദീകരിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുമെന്നും സഭ വ്യക്തമാക്കി.