അഭയ കേസ് ; രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിട്ടയച്ച ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
by Janam TV Web Deskന്യൂഡല്‍ഹി : അഭയ കേസില്‍ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് തള്ളിയത്.
സംഭവത്തില്‍ ഫാ. പുതൃക്കയിലിന്റെ പങ്ക് വ്യക്തമല്ലെന്ന് കോടതി നീരീക്ഷിച്ചു. കേസിലെ ഒന്നാംപ്രതിയായ തോമസ് കോട്ടൂരുമായി സൗഹൃദം ഉണ്ട് എന്നതുകൊണ്ട് മാത്രം പുതൃക്കയിലിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അഭയ കൊല്ലപ്പെട്ട ദിവസം പുതൃക്കയിലിനെ കോണ്‍വെന്റ് പരിസരത്ത് കണ്ടതായി അടയ്ക്ക രാജു മൊഴി നല്‍കിയിട്ടുണ്ടെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ദൃക്‌സാക്ഷി മോഷണക്കേസിലെ പ്രതിയല്ലെ എന്നും, ഇയാള്‍ക്കെതിരെ പണം കൈപ്പറ്റിയെന്ന ആരോപണം നിലനില്‍ക്കുന്നില്ലെ എന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.