78 വാര്‍ത്താ ചാനലുകളുള്ള ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ തലപ്പത്തേക്ക് അര്‍ണബ് ഗോസ്വാമി

by
http://www.evartha.in/wp-content/uploads/2019/12/arnab.jpg

രാജ്യത്തെ 78 വാർത്താ ചാനലുകൾ അംഗമായ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി അര്‍ണബ് ഗോസ്വാമിയെ തെരഞ്ഞെടുത്തു. സമിതി ഐകകണ്‌ഠ്യേനയാണ് അര്‍ണബിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇപ്പോൾ വാർത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമാണ് അര്‍ണബ് ഗോസ്വാമി.

അര്‍ണബ് ഗോസ്വാമിയായിരിക്കും ഇനി ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ രൂപീകരിക്കുന്ന സ്വയം നിയന്ത്രണ സംവിധാനത്തെ നയിക്കുക . സംഘടനയുടെ ബോഡിയില്‍ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലെ 14 ഭാഷകളിലായി 78ഓളം ന്യൂസ് ചാനലുകളാണ് അംഗങ്ങൾ ആയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഗ്രൂപ്പായ എന്‍ബിഎഫ് തന്നോട് കാണിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് അര്‍ണബ് അറിയിച്ചു.

ആദ്യഘട്ടത്തിൽ 50 വാര്‍ത്താ ചാനലുകളുമായി ഈ വര്‍ഷം ജൂലൈയിലാണ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ രൂപീകരിക്കുന്നത്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന ബോര്‍ഡ് മീറ്റിംഗിന് മുമ്പായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേകറെ കണ്ട് ആദ്യത്തെ നിവേദനം സമര്‍പ്പിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക വാര്‍ത്താ ചാനലുകളുടെ പ്രാധാന്യം എടുത്തു കാണിക്കുന്നതിനോടൊപ്പം ശക്തമായ സ്വയം നിയന്ത്രണ രീതി ഉണ്ടാക്കണമെന്നും ബ്രോഡ്കാസ്‌റ്റേഴ്‌സ് അംഗങ്ങളോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിൽ നിന്നും വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, കൈരളി, ന്യൂസ് 18 തുടങ്ങിയ ചാനലുകളും ഫെഡറേഷനില്‍ അംഗങ്ങളാണ്.