21 ദിവസത്തിനകം വധശിക്ഷ; ബലാത്സംഗക്കേസുകളിൽ പുതിയ നിയമ നിര്‍മ്മാണത്തിന് ആന്ധ്ര സര്‍ക്കാര്‍
by Evartha Desk
സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തയാൻ മാർഗ നിർദ്ദേശങ്ങളുമായി പുതിയ നിയമനിർമ്മാണം നടത്താൻ ആന്ധ്രപ്രദേശ് സർക്കാർ. ബലാത്സംഗ കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയാണ് പ്രധാനപ്പെട്ട പുതിയ നിർദ്ദേശങ്ങളിലൊന്ന്.
ഇതുപോലുള്ള കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സർക്കാർ പറയുന്നു. പുതിയ നിർദ്ദേശങ്ങളടങ്ങിയ ബിൽ ബുധനാഴ്ച സർക്കാർ നിയമസഭയിൽ അവതരിപ്പിക്കും. അടുത്തിടെ ഹൈദരാബാദ് ഉന്നാവോ കേസുകളിൽ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത് എന്നതും ശ്രദ്ധേയമാണ്.
നിയമ നിർമ്മാണത്തിലൂടെ 21 ദിവസത്തിനകം വധശിക്ഷയെന്ന തരത്തിലുള്ള നിയമം സംസ്ഥാനസർക്കാർ കൊണ്ടുവന്നാലും അത് നിയമപരമായി നിലനിൽക്കുമോ എന്നത് സംശയമാണ്. എങ്ങിനെയാണ് 21 ദിവസത്തെ വിചാരണയ്ക്കകം കുറ്റം തെളിയിക്കുന്നത് എന്നതും വിവാദങ്ങളുണ്ടാക്കിയേക്കാം. കുറ്റകൃത്യം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ല എന്ന വാദവും ഉയരുന്നുണ്ട്.