ദേശീയ പൗരത്വ ബില്‍ ലോക്‌സഭയില്‍; ന്യുനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ; ഭയപ്പെടുത്തുന്ന ബില്ലെന്ന് കോണ്‍ഗ്രസ്; സഭയില്‍ ബഹളം

അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356921/shah.jpg

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിനിടെ ദേശീയ പൗരത്വ (ഭേദഗതി) ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വച്ചു. ബില്‍ ന്യുനപക്ഷങ്ങള്‍ക്ക് ഒരു ശതമാനം പോലും എതിരല്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ബില്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ളതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡി.എം.കെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കം ലോക്‌സഭയെ ബഹളത്തില്‍ മുക്കി.

രാജ്യത്തെ ന്യുനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണമാണിതെന്ന് സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രജ്ഞന്‍ ചൗധരി ആരോപിച്ചു. എന്നാല്‍ ബില്ലിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ താന്‍ തയ്യാറാണെന്ന് അമിത് ഷാ മറുപടി നല്‍കി. ഈ ഘട്ടത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമില്ല. എന്നാല്‍ ബില്ലിന്റെ മെറിറ്റിനെ കുറിച്ച് വിശദമായ ചര്‍ച്ച നടത്താമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം സഭയില്‍ ഇറങ്ങിപ്പോകരുതെന്ന അഭ്യര്‍ത്ഥനയും അമിത് ഷാ നടത്തി.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം രാജ്യത്തിന്റെ മതേതര സംവിധാനത്തിന് വിരുദ്ധമാണെന്നും ബില്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളെ ലംഘിക്കുന്നതാണെന്നും ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബില്‍ ഭരണഘടനയുടെ അനുഛേദം 14ന് വിരുദ്ധമാണെന്നും ഡോ.അംബേദ്ക്കര്‍ അടക്കമുള്ള നേതാക്കളുടെ കാഴ്ചപ്പാടിന് വിരുദ്ധമാണിതെന്ന് ടി.എം.സി അംഗം ഗൗഗത റോയ് കുറ്റപ്പെടുത്തി. ബില്‍ അനുഛേദം 14ന് വിരുദ്ധമാണെന്നു മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ബില്ലിലൂടെ സര്‍ക്കാര്‍ രാജ്യത്തെ മുസ്ലീംകളെയും മുസ്ലീം ഇതര സമുദായങ്ങളെയും തമ്മില്‍ വേര്‍തിരിക്കുകയാണെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.

ബില്ലിനെ എതിര്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ മുസ്ലീം വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍.

അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.