https://www.deshabhimani.com/images/news/large/2019/12/ruwa-835856.jpg

വംശഹത്യയുടെ കഥ പറയുന്ന നൈല്‍ ദേവത

by

ആഫ്രിക്കന്‍ സിനിമകള്‍ക്ക് പൊതുവേ പറയാനുണ്ടാവുക പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ നിറമില്ലാത്ത കഥകളാവും. എന്നാല്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ബോര്‍ഡിംഗ് സ്‌കൂളില്‍ നടക്കുന്ന കഥയില്‍ ഏത് പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ വര്‍ണങ്ങള്‍ കലരാതെ വയ്യ.

ഈ നിറങ്ങളിലേക്ക് ചോര തെറിപ്പിച്ച വംശീയ വിദ്വേഷങ്ങളുടെ കഥയാണ് അവര്‍ ലേഡി ഓഫ് നൈല്‍ പറയുന്നത്.റുവാണ്ടയിലെ കുലീനരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ബോര്‍ഡിംഗ് സ്‌കൂളിനെ നയിക്കുന്നത് വെള്ളക്കാരിയായ മദര്‍ സുപ്പീരിയറാണ്.

അവിടെ ആഫ്രിക്കന്‍ വംശജരായ പെണ്‍കുട്ടികള്‍ ഫ്രഞ്ച് പഠിച്ചും, കുലീനമായ പെരുമാറ്റ രീതികള്‍ പരിശീലിച്ചും കഴിയുന്നു. അവിടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും, പ്രണയവും, ആദ്യ ആര്‍ത്തവത്തിന്റെ സംഭ്രമവും, പാട്ടും, കൂട്ട നൃത്തവുമെല്ലാമുണ്ട്. എന്നാല്‍ ആഫ്രിക്കയുടെ ക്രൂര യാഥാര്‍ത്ഥ്യങ്ങളിലൊന്നായ ഗോത്രകലാപം അവരേയും ഇരകളാക്കുന്നു.

അധികാരവും ഭൂരിപക്ഷത്തിന്റെ സങ്കുചിത താല്‍പര്യങ്ങളും ഇടപെടുമ്പോള്‍ ടുട്‌സി ഗോത്രത്തില്‍ പെട്ട പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു, ഇതിന് കാരണമാകുന്നത് ഹുടു ഗോത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയും. അവിഹിത ഗര്‍ഭത്തെ കൊലക്കുള്ള ന്യായമായി കാണുന്ന കാടന്‍ നീതിയും, ഗോത്രകലാപങ്ങളില്‍ ഇരകളെ സഹായിക്കാതെ സ്വന്തം രക്ഷ തേടുന്ന വെള്ളക്കാരുടെ തന്ത്രവുമെല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ട്.

''രക്തത്തെ ഭയപ്പെടുന്നതാരാണ്? പുരുഷന്മാരും ദൈവങ്ങളും. എന്നിട്ടും എന്തിന് ദൈവങ്ങള്‍ രക്തം തന്നെ ആവശ്യപ്പെടുന്നു? എന്തിന് പുരുഷന്മാര്‍ അത് നിവേദിക്കുന്നു?'' തങ്ങള്‍ക്കിടയില്‍ തന്നെയുള്ള വ്യത്യാസങ്ങള്‍ കൊലക്കത്തിയെടുപ്പിക്കുമ്പോള്‍ ദൈവത്തിന് ആഫ്രിക്കന്‍ മുഖമുണ്ടായത് കൊണ്ട് മാത്രം കാര്യമുണ്ടോ, എന്ന ചോദ്യമാണ് കറുത്ത കന്യാമറിയത്തെ മുന്‍നിര്‍ത്തി ഈ സിനിമ ഉന്നയിക്കുന്നത്.