'എന്തു വിലകൊടുത്തും എതിര്‍ക്കും'; പൗരത്വ ഭേദഗതി ബില്ലിനെതിരെ സമാജ്‌വാദി പാര്‍ട്ടിയും; അനുകൂലിച്ച് എ.ഐ.എ.ഡി.എം.കെ
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: എന്തു വിലകൊടുത്തും പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്ത്. ബില്ലിനെ തങ്ങള്‍ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
ബില്ലിനെതിരെ ദല്‍ഹി ജന്തര്‍ മന്ദറില്‍ എ.ഐ.യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഈ ബില്‍ ഭരണഘടനയ്ക്കും ഹിന്ദു-മുസ്ലിം ഐക്യത്തിനും എതിരാണെന്നും എന്തു വില കൊടുത്തും ബില്ലിനെ തങ്ങള്‍ തിര്‍ക്കുമെന്നും എ.ഐ.യു.ഡി.എഫ് നേതാവ് ബദ്രുദ്ദീന്‍ അജ്മല്‍ പറഞ്ഞിരുന്നു.
ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിനിടെ ബില്ലിനെ പിന്തുണച്ച് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയരുന്നു. തങ്ങള്‍ അനുകൂലമായി വോട്ട് ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് നവ്‌നീത് കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി ബില്ലിലൂടെ വോട്ട് ബാങ്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവസാനിപ്പിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഇവിടെ വോട്ടവകാശം ഉണ്ടാവില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
‘നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, പക്ഷേ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം. അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അവര്‍ വീണ്ടും കശ്മീരിലേക്ക് പോയിട്ടുണ്ടോ?” സഞ്ജയ് റാവത്ത് ട്വിറ്ററില്‍ ചോദിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2016 ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി ബില്‍ ഇത്തവണ പാര്‍ലമെന്റില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. 238 അംഗങ്ങളുള്ള രാജ്യസഭയില്‍ 122 അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.