https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2019/12/9/shane-nigam-iffk.jpg

ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനുമാണ് ബുദ്ധിമുട്ടിച്ചത്: ഉറപ്പിച്ച് ഷെയ്ൻ

by

വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ലെന്ന് ഷെയ്ൻ നിഗം. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അമ്മ സംഘടന പിന്തുണയ്ക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും ഷെയ്ൻ പറഞ്ഞു. 

We Support Shane Nigam | Shane Nigam At IFFK 2019

‘മുടി മുറിച്ചു പ്രതിഷേധിച്ചത് എന്റെ രീതിയാണ്. നാട്ടിൽ വേറെന്തൊക്കെ പ്രതിഷേധങ്ങൾ നടക്കുന്നു. സിനിമയ്ക്കായി നീതി പുലർത്തിയില്ലെന്ന് പറയരുത്, ആ സിനിമ ഇറങ്ങി കഴിഞ്ഞ് നിങ്ങൾ പറയൂ, ഞാൻ എന്ത് നീതിയാണ് പുലര്‍ത്താത്തതെന്ന്. ഈ സംഭവത്തിൽ നിർമാതാക്കൾക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ല.’

‘ഒത്തുതീർപ്പുകൾക്കു വിളിക്കും, അവിടെ ചെന്ന് ഇരിക്കും. അവര്‍ ഇരുന്ന് റേഡിയോ പോലെ പറയും. നമ്മുടെ ഭാഗങ്ങളൊന്നും കേൾക്കില്ല. അവര്‍ പറഞ്ഞതെല്ലാം നമ്മൾ കേട്ട് അനുസരിക്കണം. കേട്ട് അനുസരിക്കുമ്പോഴോ, അവർ പ്രസ്മീറ്റ് വിളിച്ച് ഖേദം അറിയിക്കും. ഖേദം അറിയിച്ചാലും ഇതൊന്നുമല്ല സെറ്റിൽ നടക്കുന്നത്. ഇത്തവണ നിർമാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്, ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനുമാണ്. അതിനൊക്കെ എനിക്ക് തെളിവുമുണ്ട്. ഇതൊക്കെ എവിടെ വന്നുപറയുവാനും ഞാൻ തയ്യാറാണ്.’–ഷെയ്ൻ പറഞ്ഞു.

അതേസമയം, വിവാദങ്ങളിൽ നടൻ ഷെയ്ൻ നിഗമിനെ പിന്തുണച്ച് ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകൾ. കൈരളി, നിള, ശ്രീ തിയറ്റർ സമുച്ചയങ്ങളുടെ പടിക്കെട്ടിലാണ് ഷെയ്ൻ പിന്തുണയർപ്പിച്ച് ഡെലിഗേറ്റുകൾ ഒത്തുകൂടിയത്. ഷെയ്നിന്റെ കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്ക് എന്നീ സിനിമകളിൽ ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ‘സപ്പോർട്ട് ഷെയ്ൻ നിഗം’ എന്നെഴുതിയ ബാനറുകൾ പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ പിന്തുണ. 

വിഷയത്തിൽ നിർമ്മാതാവിന് പണം നഷ്ടപ്പെട്ടു എന്നത് വസ്തുതയാണെങ്കിലും വൈകാരികമായ പ്രതികരണമാണ് ഈ വിഷയത്തിൽ ഉള്ളതെന്ന് ഡെലിഗേറ്റുകൾ വ്യക്തമാക്കി. വിവിധ ജില്ലകളിൽ നിന്ന് വാട്ട്്സാപ്പ് കൂട്ടായ്മയിലൂടെ ഒത്തുചേർന്ന ഇവർ, സിനിമ ഒരു കലയാണെന്നും കലയ്ക്ക് അതിനനുയോജ്യമായ മാനസികാവസ്ഥ ഉണ്ടാവണമെന്നും അഭിപ്രായപ്പെട്ടു.

മുടി വെട്ടി മാത്രമാണ് ഷെയ്ൻ പ്രതികരിച്ചത്. അത് വളരെ പക്വമായിരുന്നു. മറ്റുള്ളവർ ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. ഷെയ്ൻ അങ്ങനെയൊന്നും ചെയ്തില്ല. കമ്മിറ്റ്മന്റ് ഉള്ളതുകൊണ്ടാണ് സിനിമ തീർക്കാമെന്ന് ഷെയ്ൻ പറഞ്ഞത്. ഷെയ്ൻ 23, 24 വയസ്സുള്ള ഒരു പയ്യനാണ്. അത് മനസ്സിലാക്കണമെന്നും ഡെലിഗേറ്റുകൾ പറഞ്ഞു.