കടലിനും മരണമണി; ചൂടേറിയാൽ ഓക്സിജൻ കുറയും, മത്സ്യസമ്പത്തിനു വൻനാശം
by തയാറാക്കിയത്: വർഗീസ് സി. തോമസ്യുഎൻ കാലാവസ്ഥാ മാറ്റ ഉച്ചകോടിയിൽ കടലിനെ ചൊല്ലി പാരിസ്ഥിതിക വിലാപം. ആഗോള താപനവും കാർബൺ പുറന്തള്ളലും ഈ രീതിയിൽ തുടർന്നാൽ കടൽ എന്ന അക്ഷയഖനി വെറും ഉപ്പുതടാകമായി മാറുമെന്ന മുന്നറിയിപ്പാണ് മഡ്രിഡിലെ സമ്മേളന വേദിയിൽ ആശങ്കയുടെ തിരമാല ഉയർത്തിയത്.
കാലാവസ്ഥാ മാറ്റം മൂലം കടൽതാപനില ഉയർന്ന് ഓക്സിജന്റെ അളവു കുറയുന്നത് മത്സ്യസമ്പത്തിനു വൻ ഭീഷണിയാണെന്ന് സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര പരിസ്ഥിതി സംരക്ഷണ സംഘടനയായ ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) വ്യക്തമാക്കി. സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിൽ ലോക കാലാവസ്ഥാ മാറ്റ ഉച്ചകോടിയുടെ (സിഒപി–25) വേദിയെ പുതിയ പഠന റിപ്പോർട്ട് പുനർവിചിന്തനത്തിന്റെ കടലോരമാക്കി.
ലോകനേതാക്കളുടെ അടിയന്തര പരിഗണനയ്ക്കായാണ് യുഎൻ സമ്മേളന വേദിയിൽ ഐയുസിഎൻ വിഷയം അവതരിപ്പിച്ചത്. ട്യൂണ, സ്രാവുകൾ, മറ്റു മത്സ്യങ്ങൾ തുടങ്ങിയവയുടെ എണ്ണം കുറയുമെന്നാണു പഠനം പറയുന്നത്. ഭൂമിയുടെ പരിസ്ഥിതി സന്തുലനത്തെയും കടൽകോപം ബാധിക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കുക മാത്രമാണ് ഇതിനെതിരായ പ്രതിരോധ നടപടിയെന്നും രാജ്യാന്തര സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ഗ്രെതൽ ഓഗിലർ വ്യക്തമാക്കി.
ഓക്സിജന്റെ സാന്നിധ്യം കുറവുള്ള മൃതമേഖലകൾ (ഡെഡ് സോൺ) കടലിൽ വർധിക്കുകയാണ്. കടൽ ജലത്തിലെ വായുവിന്റെ അളവു കുറയുന്നതോടെ സമുദ്ര പരിസ്ഥിതി മാറിമറിയും. മത്സ്യ മേഖല തകരുന്നതോടെ കടലിനെ ആശ്രയിച്ചു ജീവിക്കുന്ന ദുർബല വിഭാഗങ്ങളുടെ സ്ഥിതിയും പരിതാപകരമാകും.
പെട്രോൾ ഇന്ധനമാക്കി ലോകം ഇന്നത്തെ രീതിയിൽ മുന്നോട്ടു പോയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പാണ് 70 വർഷത്തിലധികമായി പരിസ്ഥിതി മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഐയുസിഎൻ ലോകത്തെ ഭരണകർത്താക്കൾക്കു നൽകുന്നത്. മഡ്രിഡിലെ 25–ാം ഉച്ചകോടി പരിസ്ഥിതി സന്തുലനം തിരികെപ്പിടിക്കാനുള്ള ഒരു പിൻനടത്തത്തിന്റെ തുടക്കമാകണമെന്നും സംഘടന പറയുന്നു. ലോകനേതാക്കൾ പുക പുറന്തള്ളൽ കുറയ്ക്കാമെന്ന കരാറിൽ ഒപ്പിടുകയും അതു സത്യസന്ധമായി പാലിക്കുകയും ചെയ്യണം.
ലോകത്തെ ഏഴു സമുദ്രങ്ങളിലുമായി എഴുനൂറോളം സ്ഥലങ്ങളിൽ ഓക്സിജൻ കുറയുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെന്ന് ഐയുസിഎൻ വെളിപ്പെടുത്തി. 1960 ൽ പഠനം ആരംഭിക്കുമ്പോൾ വായുകുറവ് രേഖപ്പെടുത്തിയത് 45 സ്ഥലങ്ങളിൽ മാത്രമായിരുന്നു. വായുസാന്നിധ്യമില്ലാത്ത മൃത മേഖലയുടെ (ഡീഓക്സിജനേഷൻ) വിസ്തൃതി ഇന്ന് നാലിരട്ടിയോളം വർധിച്ചു.
പുറങ്കടലിലെ വെള്ളത്തിൽ കലർന്ന ഓക്സിജന്റെ അളവ് വളരെ കുറവാണ്. ഭൂമിയിൽ വാഹന ഉപയോഗം മുതലുള്ള മനുഷ്യ പ്രവൃത്തികളുടെ ഫലമായി അന്തരീക്ഷത്തിലേക്കുയരുന്ന കാർബണിൽ വലിയ തോതും വലിച്ചെടുക്കുന്നത് കടലാണ്. ഈ പുറന്തള്ളലിനെ അലിയിക്കുന്നതിൽ കടൽ ജലത്തിന് ഒരു പരിധിയുണ്ട്. കൂടുതലായാൽ കടൽ ജലത്തിലെ അമ്ലാംശം (അസിഡിറ്റി) കൂടും. അസിഡിഫിക്കേഷന്റെ പരിധി കടക്കാൻ പോകുന്നു എന്നതാണ് ഓക്സിജൻ കുറയുന്നു എന്നതിന്റെ അർഥം– റിപ്പോർട്ട് തയാറാക്കുന്ന സമിതിയിലെ എഡിറ്ററും ഐയുഎസിഎൻ ഗ്ലോബൽ മറീൻ ആൻഡ് പോളാർ പ്രോഗ്രാം ഉപദേശകനുമായ ഡാൻ ലഫോളി പറഞ്ഞു.
കൃഷിയിടങ്ങളിലെ രാസവളങ്ങളിലും കീടനാശിനിയിലും നിന്നുള്ള രാസമലിനീകരണവും കടൽ ജലത്തിന്റെ ജീവൻ കവരുന്നതായി ലഫോളി ചൂണ്ടിക്കാട്ടി. വൻനഗരങ്ങളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെ ജൈവവും അജൈവവുമായ മാലിന്യം കടലിലേക്ക് ഒഴുക്കി വിടുന്നതും വൻ ദുരന്തമാണ് സമീപഭാവിയിൽ ലോകത്തിനു വരുത്തിവയ്ക്കുന്നത്. ഇത് പായലിന്റെ വളർച്ചയ്ക്കു വഴി തുറക്കും. ഈ പായൽ ചീയുമ്പോൾ ഓക്സിജൻ കുറയും. മത്സ്യസമ്പത്തിനെ ഇതു ബാധിക്കും. പല സ്ഥലങ്ങളിലും കടൽ ജലത്തിന്റെ നിറം മാറുന്നുവെന്ന റിപ്പോർട്ടുകൾ ആൽഗ വ്യാപിക്കുന്നതിന്റെ സൂചനയാണ് – റിപ്പോർട്ട് മുന്നറിയിപ്പു തരുന്നു.
കുറഞ്ഞ ഓക്സിജനിലും വളരുന്ന ജെല്ലിഫിഷും മാക്രിയും മറ്റ് ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളും പെരുകുന്നതോടെ കടൽ മത്സ്യ ആവാസ വ്യവസ്ഥ തകിടം മറിയാനും അന്യം നിൽക്കാനും സാധ്യതയുണ്ട്. കടലിൽ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത് സമുദ്ര ജലപ്രവാഹങ്ങളാണ്. ഇത്തരം പ്രവാഹങ്ങളിലൂടെയാണ് മത്സ്യങ്ങളുടെ ഭക്ഷണമായ പോഷകങ്ങൾ എത്തുന്നത്. ഓക്സിജൻ നിലയിലെ ചെറിയ മാറ്റം പോലും കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കും. ഓക്സിജൻ കുറയുന്നതോടെ സമുദ്രജല പ്രവാഹങ്ങളുടെ ഗതി മാറിമറിയും. ഇത് കടലിനെ ആശ്രയിച്ചു കഴിയുന്ന ലക്ഷോപലക്ഷം മനുഷ്യരുടെ വരുമാനത്തെയും ജീവിതത്തെയും ബാധിക്കും.
ഭൂമിയിൽ ജീവനെ നിലനിർത്തുന്ന നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ അടിസ്ഥാന മൂലകങ്ങളുടെ ചംക്രമണത്തെയും കടലിലെ രാസമാറ്റം ബാധിക്കും. 2100 ആകുമ്പോഴേക്കും കടലിലെ ആകെ ഓക്സിജന്റെ 3–4 ശതമാനം നഷ്ടമാകാനാണു സാധ്യത. ഇത് കടലിന്റെ ഉപരിതലത്തിൽ ജീവിക്കുന്ന മൽസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും നിലനിൽപിനെ ബാധിക്കും. കടലിലെ ജൈവവൈവിധ്യമത്രയും ആദ്യത്തെ 1000 മീറ്ററിന് (ഒരു കിലോമീറ്റർ) ഉള്ളിലാണ്.
കടൽ ഓക്സിജൻ അളവ് നിലനിർത്തി കടലിനെ സുസ്ഥിരമാക്കി നിലനിർത്തേണ്ടത് മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നതാണ് ഈ പഠനത്തിന്റെ പ്രത്യേകത. നഷ്ടപ്പെട്ട ഓക്സിജനെ കടലിന് തിരികെ നൽകുക (ഡീ ഓക്സിജനേഷൻ) ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമായി മാറണമെന്നും പഠനം പറയുന്നു. കടൽതാപനില ഉയരുന്നതും പ്രശ്നമാണ്.
2020 ൽ നടക്കുന്ന ഐയുസിഎൻ വാർഷിക സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം തന്നെ സമുദ്രങ്ങളുടെ സന്തുലനം നിലനിർത്തുക എന്നതായിരിക്കുമെന്നു ഐയുസിഎൻ മറൈൻ പ്രോഗ്രാം മേധാവി മിന്ന എപ്സ് അറിയിച്ചു.
പതിനയ്യായിരത്തോളം ശാസ്ത്രഗവേഷകർക്കും 1300 പരിസ്ഥിതി സംഘടനകൾക്കും അംഗത്വമുള്ള ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ ഐയുസിഎൻ 1948 ലാണ് സ്ഥാപിതമായത്.
English Summary : UN conference to tackle ocean risks and emissions gap amid global climate movement