പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍; കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷം
by മനോരമ ലേഖകൻന്യൂഡല്‍ഹി∙ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കും വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചു. 293 അംഗങ്ങള്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 82 പേര് എതിര്‍ത്തു. പ്രതിപക്ഷ നിരയില്‍നിന്ന് ശിവസേന ബില്ലിനെ അനുകൂലിച്ചതു ശ്രദ്ധേയമായി.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര സമുദായങ്ങള്‍ക്ക് (ഹിന്ദു-ക്രിസ്ത്യന്‍-സിഖ്-ബുദ്ധ-ജൈന-പാര്‍സി മതവിശ്വാസികള്‍ക്ക്) ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍.
ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അസമിലും ത്രിപുരയിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 1955 ലെ യഥാര്‍ത്ഥ പൗരത്വ നിയമത്തില്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന വ്യക്തികള്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ 11 വര്‍ഷം രാജ്യത്ത് താമസിച്ചിരിക്കണം. എന്നാല്‍ ഭേദഗതിയിലൂടെ മുസ്ലിം ഇതര അപേക്ഷകര്‍ക്ക് ആ സമയപരിധി അഞ്ച് വര്‍ഷമായി കുറയ്ക്കാന്‍ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.
1971 മാര്‍ച്ച് 24 ന് നിശ്ചയിച്ച 1985 ലെ അസം കരാര്‍ തകര്‍ക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് ചൊവ്വാഴ്ച 11 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു. ബില്‍ പാസാക്കിയാല്‍ അസമില്‍ പ്രമുഖ വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ സമഗ്രമായ പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ഭേദഗതിയെ വിവേചനപരമാണെന്ന് വിശേഷിപ്പിച്ചു. 'നിങ്ങള്‍ എല്ലാ സമുദായങ്ങള്‍ക്കും പൗരത്വം നല്കിയാല് ഞങ്ങള്‍ അത് സ്വീകരിക്കും. എന്നാല്‍ നിങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുകയാണെങ്കില്‍ അതിനെതിരെ പോരാടുമെന്ന്' മമത അടുത്തിടെ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ ലംഘിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിയമനിര്‍മ്മാണമാണ് ശശി തരൂര്‍ പറഞ്ഞു.
അയല്‍രാജ്യങ്ങളിലെ 'പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്' അഭയം നല്‍കുന്നതിന് നിയമനിര്‍മ്മാണ നടപടി ആവശ്യമാണെന്ന് ബിജെപി അഭിപ്രായപ്പെടുന്നു. 'പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപരമായി പീഡിപ്പിക്കപ്പെടുന്ന ആളുകളെ സംരക്ഷിക്കുന്നതിനാണ് ഈ ബില്‍ ഉദ്ദേശിക്കുന്നതെന്ന്' അസം ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Amit Shah To Table Citizenship Bill In Parliament Today Amid Protests