https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2019/12/6/smrithi-irani-complaint.jpg

ഡീനിനും പ്രതാപനുമെതിരെ നീതിപൂര്‍വമായ തീരുമാനമെടുക്കുമെന്നു സ്പീക്കർ

by

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന ടി എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസിനും എതിരായ പരാതിയില്‍ നീതിപൂര്‍വമായ തീരുമാനമെടുക്കുമെന്ന് ലോക്സഭ സ്പീക്കര്‍ ഒാം ബിര്‍ല. ഇരുവരും നിരുപാധികം മാപ്പു പറയണമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. മാപ്പു പറയില്ലെന്ന് പ്രതാപനും ഡീനും പ്രതികരിച്ചു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുനേരെ മുഷ്ടിചുരുട്ടുകയും മര്‍ദിക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് ടി എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസിനും എതിരായ പരാതി. വെള്ളിയാഴ്ച്ച സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ഇരുവരെയും ഈ സമ്മേളനകാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍കൊണ്ടുവന്ന പ്രമേയം സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്തു. ഇരുവരും മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്നും പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. 

വനിതമന്ത്രിയോട് അപമര്യാദ കാണിച്ച ഇരുവരുടേതും ലജ്ജാകരമായ നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ചട്ടപ്രകാരമല്ല ഇരുവര്‍ക്കുമെതിരെ പ്രമേയം കൊണ്ടുവന്നത്. ഭയപ്പെടുത്താന്‍ നോക്കരുതെന്നും പാര്‍ലമെന്‍റ് ഏതെങ്കിലും രാജാവിന്‍റെ കെട്ടാരമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും അധിര്‍ രജ്ഞന്‍ പറഞ്ഞു. മാപ്പു പറയില്ലെന്ന നിലപാടിലാണ് പ്രതാപനും ഡീനും. അംഗങ്ങള്‍ സഭാമര്യാദ പാലിക്കണമെന്നതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും പരാതിയില്‍ നീതിപൂര്‍വകമായ തീരുമാനം എടുക്കാമെന്നും സ്പീക്കര്‍ ഒാം ബിര്‍ല അറിയിച്ചു