ജീർണത സഭയെയും ബാധിച്ചിരിക്കുന്നു; ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും സഭ പേടിക്കുന്നത് എന്തിനെന്ന് ബെന്യാമിൻ
by Evartha Deskഎന്തിനാണ് കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്ന് എഴുത്തുകാരൻ ബെന്യാമിൻ. സിസ്റ്റർ ലൂസി കളപ്പുര എഴുതി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങില്‍ എറണാകുളം പ്രസ്സ് ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തെറ്റായ ആളുകളാണ്\ സഭയെ നയിക്കുന്നത് എന്ന് മനസിലാകുന്നു. തെറ്റുകൾ ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്’. ജീർണത സഭയെയും ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താൻ സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അതേപോലെ തന്നെ മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും സിസ്റ്റർ ലൂസി കളപ്പുര ഒരു പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു.
വിവാദമായ കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. സിസ്റ്റർ എഴുതിയ പുസ്തകത്തിന്‍റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടർന്ന് ഈ പുസ്തകം വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ കണ്ണൂരിൽ ഡിസി ബുക്സിന്റെ പുസ്തക മേള പൂട്ടിക്കാൻ ശ്രമം ഉണ്ടാവുകയും ചെയ്തു.