മാസങ്ങള്‍ക്ക് മുമ്പ് യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ആത്മഹത്യയെന്ന് കരുതി കേസ് അവസാനിപ്പിക്കാനിരിക്കെ പോലീസിന് തുമ്പ് ലഭിച്ചു; അതും യുവതിയുടെ മക്കളില്‍ നിന്നും; ഞെട്ടിക്കുന്ന സംഭവമിങ്ങനെ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356917/murder.jpg

ബംഗളൂരു: കഴിഞ്ഞ സെപ്റ്റംബറിലാണ് രാമചന്ദ്ര ബാബു എന്ന കാര്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമചന്ദ്ര തൂങ്ങിമരിച്ചതാണെന്നായിരുന്നു വിലയിരുത്തല്‍. പോലീസു ഈ നിഗമനത്തില്‍ തന്നെയെത്തിയിരുന്നു. എന്നാല് മാസങ്ങള്‍ക്ക് ഇപ്പുറമാണ് രാമചന്ദ്രയുടെ ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. കൊലപാതകത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ഭാര്യ ലാവണ്യയും കാമുകനുമാണെന്നുള്ള കാര്യവും വ്യക്തമായി. രാമചന്ദ്ര-ലാവണ്യ ബന്ധത്തിലെ കുട്ടികളാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് പറഞ്ഞത്.

കുട്ടികള്‍ കൊലപാതക വിവരം രാമചന്ദ്രയുടെ സഹോദരി ജാനകിയെ അറിയിക്കുകയായിരുന്നു. ജാനകി ഈ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കൊലപാതക രഹസ്യം പുറത്തെത്തുന്നത്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്ന പോലീസ് ഒടുവില്‍ ആത്മഹത്യയെന്ന നിഗമനത്തിലെത്തി കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു.

ഒരാഴ്ച മുന്നെയാണ് 11 വയസുള്ള മൂത്ത കുട്ടി കാര്യങ്ങള്‍ ജാനകിയോട് വെളിപ്പെടുത്തുന്നത്. അച്ഛന്‍ മരിക്കുന്ന ദിവസം പായസം കഴിച്ച ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. ഇദ്ദേഹത്തിന്റെ കട്ടിലിന് താഴെ കിടക്കയിലാണ് താനും ആറ് വയസ്സുകാരി സഹോദരിയും അമ്മയായ ലാവണ്യയും ഉറങ്ങാന്‍ കിടക്കുന്നത്. ഉറങ്ങാന്‍ കിടന്ന് കുറച്ച് സമയത്തിന് ശേഷം താന്‍ കണ്ണ് തുറന്നപ്പോള്‍ മുഖംമൂടി ധരിച്ച ഒരാള്‍ അച്ഛന്റെ സമീപം കട്ടിലില്‍ ഇരിക്കുന്നത് കണ്ടു. ഇയാള്‍ കയര്‍ ഉപയോഗിച്ച് അച്ഛന്റെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയും ഇയാള്‍ക്കൊപ്പം കൂടി. -11 കാരി മകള്‍ പറഞ്ഞു.

തുടര്‍ന്ന് താന്‍ അനുജത്തിയെയും കൂട്ടി പേടിച്ച് അടുക്കളയില്‍ പോയി നിന്ന് കരഞ്ഞു. കുറച്ച് സമയത്തിന് ശേഷം അമ്മ എത്തുകയും നടന്ന സംഭവങ്ങള്‍ പുറത്ത് പറയരുതെന്ന് പറയുകയുമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം പെണ്‍കുട്ടി വിവരം ജാനകിയോട് പറയുകയായിരുന്നു. തുടര്‍ന്ന് ജാനകി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ലാവണ്യയ്ക്കും കാമുകന്‍ ശേഖറിനുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നാണ് പോലീസ് പറയുന്നത്.