പൗരത്വ ഭേദഗതി ബിൽ; ഹിന്ദു-മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അദൃശ്യമായ വിഭജനമുണ്ടാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം: ശിവസേന
by veenaമുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന രൂക്ഷ വിമർശനമുന്നയിച്ചത്. ബിൽ നടപ്പാക്കുന്നതിലൂടെ ഹിന്ദു-മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അദൃശ്യമായ വിഭജനമുണ്ടാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
രാജ്യതാത്പര്യം മുൻനിർത്തിയില്ല ബിൽ അവതരിപ്പിക്കുന്നതെന്നും ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ പ്രശ്നങ്ങൾക്കൊന്നും കുറവില്ല, പക്ഷേ, പൗരത്വ ഭേദഗതി ബില്ലിലൂടെ പുതിയ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഒരു അദൃശ്യമായ വിഭജനമാണ് കേന്ദ്രം ഈ ബില്ലിലൂടെ നടപ്പാക്കുന്നത്.
ഹിന്ദുക്കൾക്ക് ഹിന്ദുസ്ഥാൻ അല്ലാതെ മറ്റു രാജ്യമില്ലെന്നത് ശരിയാണ്. പക്ഷേ, അനധികൃത കുടിയേറ്റക്കാരിൽനിന്ന് ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യത്തെ വർഗീയ കലാപത്തിലേക്ക് നയിക്കില്ലേ എന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
ബിജെപി അധികാരം പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബില്ലിനെ എതിർക്കുന്നുണ്ടെന്നും ശിവസേന ചൂണ്ടിക്കാണിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ശിവസേന മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
പൗരത്വ ഭേദഗതി ബിൽ തിങ്കളാഴ്ച ഉച്ചയോടെ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ശിവസേന തങ്ങളുടെ എതിർപ്പ് പാർട്ടി മുഖപത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ലോക്സഭയിൽ ബില്ലിനെ എതിർക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.