യുഎഇയില്‍ താമസിച്ചുവരുന്നതിനിടെ മാതാവിന് സുഖമില്ലാതായതോടെ ഭര്‍ത്താവ് നാട്ടില്‍ വന്നു, ഈ സമയത്ത് ഡ്രൈവറോടൊപ്പം കിടക്ക പങ്കിട്ട ഭാര്യ മൂന്ന് മാസം ഗര്‍ഭിണിയായപ്പോള്‍ നാട്ടില്‍ വന്ന് ഒരു ദിവസം താമസിച്ച ശേഷം തിരിച്ചുപോയി ഒരുമാസം കഴിഞ്ഞ് ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനോട് വിളിച്ചുപറഞ്ഞു; ഗര്‍ഭിണിയായ ഭാര്യയ്ക്ക് വീട് പണയം വെച്ച് ചിലവിന് അയച്ചുകൊടുത്ത ഭര്‍ത്താവ് സത്യമറിഞ്ഞത് ഏറെ വൈകി; പിന്നീട് സംഭവിച്ചത്..

by

തൃശൂര്‍: (www.kvartha.com 09.12.2019) യുഎഇയില്‍ താമസിച്ചുവരുന്നതിനിടെ നാട്ടിലുള്ള മാതാവിന് സുഖമില്ലാതായ വിവരം അറിഞ്ഞ് ഭാര്യയെ കൂട്ടാതെ ഭര്‍ത്താവ് നാട്ടില്‍ വന്നു. ഈ സമയത്ത് ഡ്രൈവറോടൊപ്പം കിടക്ക പങ്കിട്ട ഭാര്യ മൂന്ന് മാസം ഗര്‍ഭിണിയായപ്പോള്‍ നാട്ടില്‍ വന്ന് ഒരു ദിവസം താമസിച്ച ശേഷം തിരിച്ചുപോയി. അതുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് താന്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനോട് വിളിച്ചുപറഞ്ഞു. ഗര്‍ഭിണിയായ ഭാര്യയ്ക്ക് വീട് പണയം വെച്ച് ചിലവിന് അയച്ചുകൊടുത്ത ഭര്‍ത്താവ് സത്യമറിഞ്ഞത് ഏറെ വൈകി.

തൃശ്ശൂര്‍ സ്വദേശിയായ യുവാവിനാണ് തന്റെ സര്‍വസ്വവുമെന്ന് താന്‍ കരുതിയിരുന്ന ഭാര്യയില്‍ നിന്നും ചതി പറ്റിയതറിഞ്ഞ് ആകെ തകര്‍ന്നുപോയത്. തന്റേതെന്ന് കരുതിയതെല്ലാം നഷ്ടമായ അവസ്ഥയിലാണ് ഇപ്പോള്‍ ഇയാള്‍.

https://1.bp.blogspot.com/-cfZoPcejdeA/Xe4svXTIb_I/AAAAAAABuik/uY_LnV8ckRwYkGfBK_pKVrnTCdyGaZJpQCLcBGAsYHQ/s1600/Cheating.jpg

മരുഭൂമിയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് അയാള്‍ ഗള്‍ഫില്‍ ജോലിയുള്ള ഭാര്യയ്ക്ക് അയച്ചുകൊടുത്തത്. എന്നാല്‍ ഭാര്യ ചെയ്തതോ സ്‌നേഹം നടിച്ച് ഭര്‍ത്താവിനെ കൊടും ചതിയില്‍പെടുത്തുകയായിരുന്നു.

എല്ലാം കൈവിട്ട യുവാവ് ഇപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാതെ അപഹരിച്ച പണം തിരികെ കിട്ടാനും നഷ്ടപരിഹാരം ലഭിക്കാനും നോര്‍ക്കയ്ക്ക് പരാതി നല്‍കിയിരിക്കയാണ്. 2010ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ചു വയസ്സുള്ള കുഞ്ഞുമുണ്ട്.

ഈ മകനെ തനിക്ക് വിട്ടു കിട്ടണമെന്നും ഭാര്യയില്‍ നിന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ആവശ്യം. 2013ല്‍ യുഎഇയിലെത്തിയ യുവാവിന് ദുബൈയിലായിരുന്നു ജോലിയെങ്കിലും ഭാര്യയുടെ സൗകര്യാര്‍ഥം മറ്റൊരു എമിറേറ്റില്‍ താമസംിക്കുകയായിരുന്നു.

ഭാര്യയെ ജോലി സ്ഥലത്ത് വിടാന്‍ ഡ്രൈവറായി ഒരാളെ ഏര്‍പ്പാടും ചെയ്തിരുന്നു. ഇതിനിടെ 2018 ജൂണില്‍ മാതാവിന്റെ ചികിത്സാര്‍ഥം യുവാവ് ഭാര്യയെ ഗള്‍ഫില്‍ തനിച്ചാക്കി നാട്ടില്‍ വന്നു. രണ്ടാളും ജോലിയ്ക്കു പോകാതിരുന്നാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് ഭര്‍ത്താവിനെ സോപ്പിട്ട് യുവതി നാട്ടിലേക്ക് പോകാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ കഴിയുകയായിരുന്നു.

എന്നാല്‍ ഭാര്യയ്ക്ക് മേല്‍ അത്രയ്ക്കും വിശ്വാസമുള്ള യുവാവ് അവര്‍ പറഞ്ഞതില്‍ വസ്തുതയുണ്ടെന്ന് കരുതി തനിച്ച് നാട്ടിലേക്ക് പോയി. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം മാതാവിനെ കാണാനെന്ന് പറഞ്ഞ് ഭാര്യ നവംബര്‍ 28ന് നാട്ടിലെത്തി. ഡിസംബര്‍ നാലിന് തിരികെ പോവുകയും ചെയ്തു. ഒരു ദിവസം വീട്ടില്‍ ഒപ്പം താമസിച്ചു.

ഈ സംഭവം നടന്ന് ഒരു മാസമായപ്പോള്‍ നാട്ടിലുള്ള യുവാവിനെ വിളിച്ച് താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചു. ചികിത്സാ ചെലവുകള്‍ക്കായി വീട് പണയപ്പെടുത്തി പണം വായ്പയെടുത്ത് അയച്ചുകൊടുത്തു. നാട്ടില്‍ നിന്ന് തിരികെ യു എ ഇയിലെത്തി ആറു മാസമായപ്പോള്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ യുവാവിന് താന്‍ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിയുകയായിരുന്നു.

ഭാര്യ ചികിത്സ തേടിയ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ നാട്ടിലെത്തുമ്പോള്‍ തന്നെ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എന്ന കാര്യം വ്യക്തമായി. ഇതോടെ തന്നെ വഞ്ചിച്ച ഭാര്യയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന നിലയിലേക്ക് അദ്ദേഹമെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുഎഇയില്‍ ജോലി സ്ഥലത്ത് വിടുന്ന ആളുമായി ഭാര്യ ഒരുമിച്ച് താമസിച്ചിരുന്നതായുള്ള വിവരം അറിയാന്‍ കഴിഞ്ഞു. ഇയാള്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

ഇതോടെ മകനെ തനിക്കൊപ്പം വിടണമെന്നും പണം തിരികെ ആവശ്യപ്പെട്ടും വിവാഹ മോചനം തേടിയും യുവാവ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു. വിവാഹ മോചനത്തിന് സമ്മതിച്ച അവര്‍ എന്നാല്‍ മകനെ വിട്ടുതരുന്നതിനെ കുറിച്ചും പണത്തെക്കുറിച്ചും ഒന്നും മിണ്ടിയില്ല. ഇതിനിടെ അമ്മയും മരിച്ചു.

തിരികെ ജോലിയില്‍ പ്രവേശിക്കാനായി യു എ ഇയിലെത്താന്‍ ശ്രമിച്ചപ്പോള്‍ യാത്രാവിലക്കിനെ തുടര്‍ന്ന് അതിന് കഴിഞ്ഞില്ല. നാട്ടിലേക്ക് തിരിക്കുമ്പോള്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ പണം കൃത്യമായി അടക്കുമെന്ന് ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ യുഎഇയിലേക്കുള്ള തന്റെ വരവ് മുടക്കാന്‍ മന:പൂര്‍വം ബാങ്ക് അടവ് മുടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. യുഎഇ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, താന്‍ യുഎഇയില്‍ ഇല്ലാത്തതിനാല്‍ പരാതി തീര്‍പ്പാകുന്നതിന് തടസ്സപ്പെടുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന യാത്രാ വിലക്ക് നീക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഇനി ഒരാളും ഇത്തരം ചതിയിലകപ്പെടരുതെന്ന നിര്‍ബന്ധം മൂലമാണ് താന്‍ പരാതി നല്‍കിയതെന്ന് യുവാവ് വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wife cheating husband, Thrissur, News, Local-News, Cheating, Complaint, Police, Kerala.