![https://www.doolnews.com/assets/2019/11/amithshah1-399x227.jpg https://www.doolnews.com/assets/2019/11/amithshah1-399x227.jpg](https://www.doolnews.com/assets/2019/11/amithshah1-399x227.jpg)
പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും രണ്ടാണ്; മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ഇല്ലെന്ന് അമിത് ഷാ
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനായി അമിത് ഷാ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.
‘ഇന്ത്യന്‍ പൗരന്മാരായ എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളെ ഉള്‍പ്പെടുത്തും. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനമുണ്ടാകുമെന്ന ചോദ്യമേ ഉയരേണ്ടതില്ല. എന്‍.ആര്‍.സി ഒരു വ്യത്യസ്ത പ്രക്രിയയാണ്, പൗരത്വ ഭേദഗതി ബില്‍ വേറെ- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം പൗരത്വ (ഭേദഗതി) ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ‘ബദല്‍ സംവിധാനങ്ങള്‍’ ആവിഷ്‌കരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഈ നടപടികള്‍ ബില്ലിന്റെ ഭാഗമല്ലായിരിക്കാം, എന്നാല്‍ നിയമനിര്‍മാണം അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ മൂന്നിന് ഷായെ കാണാന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി അടങ്ങുന്ന പ്രതിനിധി സംഘം എത്തിയിരുന്നു. എന്‍ട്രി, എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനമോ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനുള്ള (ഐ.എല്‍.പി) വ്യവസ്ഥയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ന് 12 മണിക്കാണ് പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അറിയിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2016 ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി ബില്‍ ഇത്തവണ പാര്‍ലമെന്റില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. 238 അംഗങ്ങളുള്ള രാജ്യസഭയില്‍ 122 അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.