https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/2/9/North-east-Protest.jpg

പൗരത്വ ബില്‍ അദൃശ്യ വിഭജനത്തിന് ശ്രമിക്കുന്നു; വിമര്‍ശിച്ച് ശിവസേന

by

മുംബൈ ∙ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്്‌ലിം ഇതര സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും അദൃശ്യ വിഭജനത്തിന് ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. അനധികൃത ഹിന്ദു കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്നത് രാജ്യത്ത് മതയുദ്ധത്തിന് കാരണമാകുമോയെന്ന് ശിവസേനയുടെ മുഖപത്രമായ 'സമന'യിലും ചോദിച്ചിരുന്നു.  

പൗരത്വ ഭേദഗതി ബില്ലിനു കീഴിലുള്ള വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തിന്റെ താല്‍പ്പര്യത്തിന് ഉതകുന്നതല്ലെന്ന് ശിവസേന പറയുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ക്ഷാമമില്ല. പക്ഷേ പുതിയതിനെ ക്ഷണിക്കുന്നു. ബില്ലിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഇടയില്‍ അദൃശ്യ വിഭജനം ഉണ്ടാക്കിയതായി തോന്നുന്നു. ഹിന്ദുസ്ഥാനല്ലാതെ മറ്റൊരു രാജ്യവും ഹിന്ദുക്കള്‍ക്കില്ലെന്നത് ശരിയാണ്. എന്നാല്‍ ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നതിലൂടെ ഇത് രാജ്യത്ത് മതയുദ്ധത്തിന് കാരണമാകില്ലെ? ലോക്സഭയില്‍ 18 എംപിമാരുള്ള ശിവസേന, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. 

അതേസമയം, ഹിന്ദുക്കളെ പീഡിപ്പിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഉദ്ധവ് താക്കറെ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചില കാര്യങ്ങള്‍ 'സാധ്യമാണ്'എന്ന് പ്രധാനമന്ത്രി ഇതിനകം തെളിയിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ബാലകോട്ട് വ്യോമാക്രമണത്തെയും പരാമര്‍ശിച്ച് പറഞ്ഞു. എന്നാല്‍ 'ആ' സമുദായക്കാര്‍ അതത് രാജ്യങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് ഇപ്പോള്‍ ഉറപ്പാക്കണം. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് (ഹിന്ദു-ക്രിസ്ത്യന്‍-ബുദ്ധ-ജൈന-പാര്‍സി) ഇന്ത്യന്‍ പൗരത്വം എളുപ്പമാക്കുന്നതിനാണ് ആറു പതിറ്റാണ്ട് പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്താന്‍ ബില്‍ ശ്രമിക്കുന്നത്. എന്നാല്‍ പല പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ദ്ദിഷ്ട നിയമത്തെ വിവേചനപരമെന്ന് വിശേഷിപ്പിക്കുകയും, ഭരണഘടനയിലെ മതേതരത്വത്തിന് വിരുദ്ധമെന്ന് ആരോപിക്കുകയും ചെയ്തു.

English Summary: 'Invisible Partition Of Hindus, Muslims?': Sena Attacks Citizenship Bill