പൊതു സ്ഥലത്തെ ചാര്‍ജ് പോയിന്റുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ടോ? എങ്കില്‍.., മുന്നറിയിപ്പുമായി എസ്ബിഐ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356916/SBI.jpg

ന്യൂഡല്‍ഹി: പൊതു സ്ഥലത്തെ ചാര്‍ജ് പോയിന്റുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ. മാല്‍വെയറുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. അതായത് ഹോട്ടലിലോ, വിമാനത്താവളത്തിലോ, റെയില്‍വേ സ്‌റ്റേഷനിലോ സ്ഥാപിച്ചിട്ടുളള ചാര്‍ജിങ് പോയിന്റുകളിലൂടെ ചാര്‍ജ് ചെയ്യുന്നവരുടെ ബാങ്കിങ്ങ് രേഖകളും പാസ്‌വേര്‍ഡുകളും നഷ്ടപ്പെട്ടേക്കാം.

ജ്യൂസ് ജാക്കിങ്ങ് വഴി നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താം. ചാര്‍ജിങ് പോര്‍ട്ടുകളിലൂടെ മാല്‍വെയറുകള്‍ ഫോണില്‍ നിക്ഷേപിക്കുകയോ ഡാറ്റ ചോര്‍ത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ്ങ് എന്ന് പറയുന്നത്. യുഎസ്ബി ചാര്‍ജിങ്ങ് വഴിയാണ് പ്രധാനമായും ജ്യൂസ് ജാക്കിങ്. മാല്‍വെയറുകള്‍ മൊബൈല്‍ ബാങ്കിങ്ങ് അക്കൗണ്ടുകളില്‍ നിന്ന് പെയ്‌മെന്റ് ഡാറ്റ, ബാങ്ക് അക്കൗണ്ടിലുള്ള പണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, പാസ് വേഡ് എന്നിവ ചോര്‍ത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചാര്‍ജിങ്ങിനായി ചാര്‍ജിങ് കേബിളുകള്‍ സ്വന്തമായി കൊണ്ടുനടക്കുക. പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുക, ഇലക്ട്രിക്കല്‍ സോക്കറ്റില്‍ മാത്രം ചാര്‍ജ് ചെയ്യുക എന്നിങ്ങനെ നിര്‍ദേശങ്ങളാണ് എസ്ബിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.