http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/north-korea-test-fires-e1555544877186.jpg

സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തരകൊറിയ; എന്ത് പരീക്ഷണമാണെന്ന് വ്യക്തമാക്കിയിട്ടില്ല

by

സോൾ (ദക്ഷിണകൊറിയ): സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തരകൊറിയ. കൊറിയൻ സെൻട്രൽ വാർത്താ ഏജൻസിയാണ് (കെ.സി.എൻ.എ.) ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ എന്ത് പരീക്ഷണമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമോ ഉപഗ്രഹ വിക്ഷേപണത്തിനുള്ള പരീക്ഷണമോ ആണെന്നാണ് നിരീക്ഷകർ കരുതുന്നത്. 

 ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും വിജയകരമായിരുന്നുവെന്നും ഉത്തരകൊറിയ ആവകാശപ്പെടുന്നു. ആസന്നഭാവിയിൽ ഇത് ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് അക്കാദമി ഓഫ് നാഷണൽ ഡിഫൻസ് സയൻസ് പ്രസ്താവനയിൽ പറഞ്ഞു. 
 
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കഴിഞ്ഞദിവസം പീക്തു മലനിരകളിൽ കുതിരസവാരി നടത്തിയിരുന്നു. സുപ്രധാനമായ തീരുമാനങ്ങളോ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നതിന് മുമ്പാണ് രാഷ്ട്രത്തലവൻ വെള്ളക്കുതിരപ്പുറത്തേറി ഇത്തരത്തിൽ പർവതനിരകളിൽ സവാരി നടത്താറുള്ളത്. ഒക്ടോബറിലും കിം ഇത്തരത്തിൽ യാത്രനടത്തിയിരുന്നു. ഇതിനുപിന്നാലെ അമേരിക്കയ്ക്ക് വലിയൊരു ക്രിസ്മസ് സമ്മാനം ഉടൻ വരുന്നുണ്ടെന്ന് മുന്നറിയിപ്പും നൽകുകയുണ്ടായി.
 
യു.എസുമായുള്ള ആണവ ചർച്ച പുനരാരംഭിക്കാനുള്ള സാധ്യതയാണ് പുതിയ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ തള്ളിയത്. ഫെബ്രുവരിയിൽ ഹനോയിയിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും നടത്തിയ ഉച്ചകോടി പരാജയപ്പെട്ടശേഷം ഇക്കാര്യത്തിൽ നേരിയ പുരോഗതിപോലും ഉണ്ടായിട്ടില്ല. വാഷിങ്ടൺ തങ്ങളോടുള്ള സമീപനത്തിൽ വർഷാവസാനത്തോടെ മാറ്റംവരുത്തിയാലേ ഇനിയൊരു ചർച്ചയുള്ളൂ എന്നാണ് ഉത്തരകൊറിയയുടെ നിലപാട്. 

 ഹനോയ് ഉച്ചകോടിക്കുശേഷം യു.എന്നിന്റേതടക്കമുള്ള വിലക്കുകൾ മറികടന്ന് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. യു.എസുമായി ഇനിയും സുദീർഘമായ ചർച്ചകൾക്കില്ലെന്ന് യു.എന്നിലെ ഉത്തരകൊറിയൻ പ്രതിനിധി കിം സോങ് കഴിഞ്ഞദിവസം പറയുകയുംചെയ്തു. എന്നാൽ, ഉത്തരകൊറിയയുമായി ആണവനിർവ്യാപനകരാർ ഒപ്പിടാൻ കഴിയുമെന്നുതന്നെയാണ് യു.എസ്. പ്രസിഡന്റ് ട്രംപ് ശനിയാഴ്ചയും ആവർത്തിച്ചത്.