ഡിസംബര്‍ 14 നകം പത്തു തൂക്കുകയറുകള്‍ തയ്യാറാക്കി വെക്കാന്‍ നിര്‍ദേശം
രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പാക്കിയേക്കുമെന്ന് സൂചന.
by Web Deskരാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പാക്കിയേക്കുമെന്ന് അഭ്യൂഹം. വധശിക്ഷക്ക് ഉപയോഗിക്കുന്ന തൂക്കുകയർ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ബീഹാറിലെ ബക്സാർ ജയിൽ അധികൃതര്‍ക്ക് ഈ ആഴ്ച അവസാനത്തോടെ 10 തൂക്കുകയറുകള്‍ തയ്യാറായി വെക്കാന്‍ നിർദ്ദേശം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തൂക്കുകയറുകള്‍ നിർഭയ കേസ് പ്രതികൾക്ക് വേണ്ടിയുള്ളതാണെന്ന അഭ്യൂഹം ശക്തമാണ്.
തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വൈദഗ്ധ്യമുള്ള സംസ്ഥാനത്തെ ഏക ജയിലാണ് ബക്സാറിലേത്. കഴിഞ്ഞയാഴ്ചയാണ് തൂക്കുകയറുകള്‍ നിര്‍മ്മിച്ചുവെക്കാനുള്ള നിര്‍ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. എന്നാൽ ഈ കയറുകൾ എവിടേക്കുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡിസംബർ 14 നകം 10 തൂക്കുകയറുകൾ തയാറാക്കണമെന്നാണ് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ ഇവ എവിടേക്കുള്ളതാണെന്ന് തങ്ങൾക്ക് അറിയില്ല. ബക്സാർ ജയിലിൽ വധശിക്ഷക്കുള്ള തൂക്കുകയർ നിർമ്മിക്കുന്ന പാരമ്പര്യമുണ്ട്,” ബക്സാർ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു.
ഒരു തൂക്കുകയർ തയ്യാറാക്കാൻ ഏകദേശം മൂന്ന് ദിവസമെടുക്കും. ഇതിനായി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് കുറവായിരിക്കും. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനുള്ള തൂക്കുകയര്‍ നിര്‍മ്മിച്ചതും ഈ ജയിലിലാണ്. അവസാനമായി ഇവിടെ നിന്ന് ഒരു തൂക്കുകയർ നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ അതിന്റെ വില 1,725 രൂപയായിരുന്നു, അദ്ദേഹം പറഞ്ഞു. "ഇരുമ്പിന്റെയും പിച്ചളയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം കാലാകാലങ്ങളിൽ തൂക്കുകയറിന്റെ നിരക്കില്‍ വ്യത്യാസമുണ്ടാകാറുണ്ട്. "സാധാരണയായി അഞ്ച് മുതൽ ആറ് പേർ വരെയാണ് ഒരു തൂക്കുകയർ നിർമ്മിക്കാന്‍ ആവശ്യമായ മനുഷ്യാധ്വാനം. ജയിൽ ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചിരിക്കുന്ന സമയപരിധി പാലിക്കുന്നത് ഒരു പ്രശ്‌നമാകില്ലെന്നും കാരണം തൂക്കുകയറുണ്ടാക്കാന്‍ പരിചയസമ്പന്നരായ നിരവധി തടവുകാരും ഉദ്യോഗസ്ഥരും ഇവിടെയുണ്ടെന്നും, അറോറ പറഞ്ഞു.
"നിർമ്മാണത്തിന് ശേഷം ഈ തൂക്കുകയറുകള്‍ വളരെക്കാലം സൂക്ഷിച്ചുവെക്കാന്‍ കഴിയില്ല. കാരണം ഒരു കാലപരിധി കഴിഞ്ഞാല്‍ അവ ഉപയോഗത്തിന് യോഗ്യമല്ലാതാകും," അദ്ദേഹം കൂട്ടിച്ചേർത്തു. 2012 ഡിസംബർ 16 ന് രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ ഈ മാസം അവസാനം തൂക്കിലേറ്റാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.