https://www.doolnews.com/assets/2019/10/udhav-amithsha-399x227.jpg

പൗരത്വഭേദഗതി ബില്‍ വോട്ടുബാങ്ക് ഉദ്ദേശിച്ച്; മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് ശിവസേന

by

ന്യൂദല്‍ഹി: ആറ് പതിറ്റാണ്ട് പഴക്കമുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് ശിവസേന.

പൗരത്വബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാട് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണോയെന്നും എഡിറ്റോറിയല്‍ ചോദിക്കുന്നു.

ഹിന്ദുക്കളെ സംബന്ധിച്ച് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ഇല്ലെന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാനാണ് ശ്രമമെങ്കില്‍ അത് രാജ്യത്തിന് നല്ലതല്ല.

ഞങ്ങള്‍ക്ക് അതില്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സാധിക്കും. ആഭ്യന്തരമന്ത്രി ഈ വിഷയത്തില്‍ കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു- സാമ്‌ന എഡിറ്റോറിയലില്‍ കുറിച്ചു.

ഹിന്ദു കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള തീരുമാനം രാജ്യത്ത് ഒരു മതയുദ്ധത്തിന് വഴിയൊരുക്കുമോയെന്നും ശിവസേന ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബില്ലിലൂടെ രാജ്യത്ത് ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും അദൃശ്യമായി വിഭജിക്കുകയാണ് കേന്ദ്രമെന്നും ശിവസേന ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് ക്ഷാമമില്ല. എന്നിട്ടും നിങ്ങള്‍ പൗരത്വ ഭേഗതി ബില്‍ പോലുള്ള പുതിയ പ്രശ്‌നങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്നും സാമ്‌ന എഡിറ്റോറിയലില്‍ വ്യക്തമാക്കി.

അതേസമയം, ഹിന്ദുക്കളെ പീഡിപ്പിച്ച പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രിയോട് ശിവസേന ആവശ്യപ്പെട്ടു.