https://janamtv.com/wp-content/uploads/2019/11/court-1.jpg

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ കേസുകള്‍ ഇനി വേഗത്തില്‍ തീര്‍പ്പാക്കും; ഉത്തര്‍പ്രദേശില്‍ 218 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് നിയമമന്ത്രി

by

ലക്‌നൗ: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനത്ത് 218 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് ഉത്തര്‍പ്രദേശ് നിയമ മന്ത്രി ബ്രജേഷ് പഥക്. 218 അതിവേഗ കോടതികളില്‍ 144 എണ്ണം ബലാത്സംഗ കേസുകള്‍ വിചാരണ ചെയ്യാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അവര്‍ക്ക് നീതി ലഭിക്കുന്നതിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 4,200 കേസുകളും സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ 25,000 ത്തോളം കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബലാത്സംഗ കേസുകള്‍ വിചാരണ ചെയ്യാനായി രാജ്യത്ത് 1023 അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബലാത്സംഗ കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.