‘മൃതദേഹങ്ങൾ ചലിക്കാറുണ്ട്’; ക്യാമറ പകർത്തിയ കാഴ്ചകൾ; പഠനം ഇങ്ങനെ
by സ്വന്തം ലേഖകൻമൃതദേഹങ്ങൾക്ക് ചലിക്കാൻ കഴിയുമോ? ഇൗ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് ഒരു സംഘം ഗവേഷകർ. മൃതദേഹങ്ങള്‍ ഒരു വര്‍ഷം വരെ പലവിധത്തില്‍ അനങ്ങുമെന്നാണ് ഇവര്‍ തെളിവുകൾ നിരത്തി പറയുന്നത്.ടൈംലാപ്‌സ് ക്യാമറ ഉപയോഗിച്ച് നിശ്ചിത ഇടവേളകളിലെടുത്ത ചിത്രങ്ങള്‍ നിരത്തിയാണ് മൃതദേഹങ്ങളുടെ അനക്കങ്ങളെക്കുറിച്ച് ഗവേഷകര്‍ വാദിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ഓസ്‌ട്രേലിയൻ ഫെസിലിറ്റി ഫോർ ടഫോണോമിക് എക്സ്പെരിമെന്റൽ റിസേർച്ച് (AFTER)ല്‍ 17 മാസം നടത്തിയ പരീക്ഷണമാണ് മൃതദേഹങ്ങളുടെ അനക്കം തിരിച്ചറിഞ്ഞത്. പകല്‍ സമയത്ത് ഓരോ അര മണിക്കൂറിലുമാണ് ഇവര്‍ മൃതദേഹങ്ങളുടെ ചിത്രമെടുത്തത്. ഏകദേശം ഒന്നര വര്‍ഷത്തോളം നീണ്ട പരീക്ഷണ കാലം മുഴുവനായി തന്നെ മൃതദേഹങ്ങള്‍ ചലിക്കുന്നുണ്ടെന്നാണ് ഇവര്‍ക്ക് ലഭിച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
മൃതദേഹങ്ങളില്‍ പ്രധാനമായും ചലിക്കുന്ന ഭാഗം കൈകളാണെന്നാണ് സെന്‍ട്രല്‍ ക്യൂൻസ്‌ലാന്‍ഡ് സര്‍വ്വകലാശാലയിലെ അലിസണ്‍ വില്‍സണ്‍ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മൃതദേഹത്തിന് മുകളിലായി വച്ചിരുന്ന കൈകള്‍ വശങ്ങളിലേക്ക് ചലിക്കുന്നതായാണ് പ്രധാനമായും തിരിച്ചറിഞ്ഞിരിക്കുന്നത്. മൃതദേഹങ്ങളുടെ ഈ ചലനരഹസ്യം വെളിവാക്കുന്ന ഗവേഷണഫലം ഫോറന്‍സിക് സയന്‍സ് ഇന്റര്‍നാഷണലിലാണ് പ്രസിദ്ധീകരിച്ചത്.