കാത്തിരുന്നു കിട്ടിയ മകനെ മരണം കൊണ്ടുപോയി ഓര്‍മക്കായി ഏഴ് നിര്‍ധനയുവതികളുടെ വിവാഹം നടത്തി
ഏഴുവര്‍ഷം കാത്തിരുന്നു കിട്ടിയ മകനെ ഏഴാം വയസില്‍ മരണം കൊണ്ടുപോയി ഓര്‍മക്കായി ഏഴ് നിര്‍ധന യുവതികള്‍ക്ക് മാംഗല്യഭാഗ്യമൊരുക്കി ഒരു കുടുംബം. കൊച്ചി വൈപ്പിന്‍ സ്വദേശി ആന്റണിയും കുടുംബവുമാണ് മകന്റെ ഇരുപതാം പിറന്നാളിന് സമൂഹവിവാഹമൊരുക്കിയത്.
വൈപ്പിന്‍ ഓച്ചന്തുരുത്തുവളപ്പ് നിത്യസഹായമാതാ പളളിയില്‍ ഏഴു വധൂവരന്‍മാര്‍ക്കായി ഈ മാംഗല്യം നടത്തുമ്പോള്‍ അതിന് പ്രത്യേകത ഏറെയുണ്ട്. ഏഴുവര്‍ഷം കാത്തിരുന്നു കിട്ടിയ മകനെ മരണം കൊണ്ടുപോയപ്പോള്‍, അവന്റെ പിറന്നാള്‍ ജീവകാരുണ്യംകൊണ്ട് ആഘോഷിക്കാനായിരുന്നു ആന്റണിയുടെയും കുടുംബത്തിന്റെയും തീരുമാനം.
വര്‍ഷങ്ങളായി മുടങ്ങാതെ തുടരുന്ന മകന്‍ അമിത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ഇത്തവണ ഏഴ് നിര്‍ധന യുവതികളുടെ വിവാഹമാണ് നടത്തിയത്. ദേവാലയത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഏഴുപേര്‍ക്കും ഏഴുപവന്‍ സ്വര്‍ണവും , മന്ത്രകോടിയും നല്‍കി. കൊച്ചി മെത്രാന്‍ ഡോ.ജോസഫ് കരിയിലില്‍ വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. വിവാഹത്തിന്റെ ഭാഗമായി രണ്ടായിരംപേര്‍ക്കുളള സദ്യയും ഒരുക്കിയിരുന്നു. വേദിയില്‍വച്ച് മകന്‍ അമിത്തിന്റെ പിറന്നാള്‍കേക്കും മുറിച്ചു.