യുഎഇയിലും ഒമാനിലും കനത്ത മഴ: ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം, സ്‌കൂളുകള്‍ക്ക് അവധി
ദുബായ്/മസ്‌കത്ത്: യുഎഇയിലും ഒമാനിലും വിവിധയിടങ്ങളില്‍ കനത്ത മഴ. മസ്‌കത്തിലും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ഇടിയോടു കൂടിയാണ് കനത്ത മഴ പെയ്തത്. ചെറിയ നദികള്‍ ഉള്‍പ്പെടെ നിറഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഒമാനില്‍ ചൊവ്വാഴ്ച വരെയും യുഎഇയിലെ വിവിധയിടങ്ങളില്‍ ബുധനാഴ്ച വരെയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കു പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ദാഹിറ, ഖൂറൈമി, വടക്കന്‍ അല്‍ ബാതിന, തെക്കന്‍ അല്‍ ബാതിന, മസ്‌കത്ത്, അല്‍ ഖിലിയ, വടക്കന്‍ അല്‍ ഷര്‍ഖിയ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ദോഫാര്‍, അല്‍ വുസ്തഒഴികെയുള്ള ഗവര്‍ണറേറ്റുകളില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം സ്‌കൂളുകള്‍ക്ക് അവധി നല്‍കി. മത്സ്യത്തൊഴിലാളികളും ഉല്ലാസ യാത്ര നടത്തുന്നവരും കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചാല്‍ 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.