http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/Untitled_808.png

ഒന്നാം വാർഷിക നിറവിൽ  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; ആഘോഷ പരിപാടികൾ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

by

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുന്നു. ഒന്നാം വാർഷിക ആഘോഷ പരിപാടികൾ മട്ടന്നൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആദ്യ ഒൻപത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അൻപതോളം സർവീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കണ്ണൂരിന് കഴിഞ്ഞു. എന്നാൽ വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള കേന്ദ്രാനുമതി ലഭിക്കാത്തതും ഡ്യൂട്ടിഫീ ഷോപ്പുകളടക്കം ആരംഭിക്കാത്തതും കണ്ണൂരിന്റെ പ്രധാന പോരായ്മകളാണ്.

വിപുലമായ പരിപാടികളാണ് ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് കിയാൽ സംഘടിപ്പിച്ചിട്ടുള്ളത്. ആർട്ട് ഗാലറി, ഇന്റർനാഷണൽ ലോഞ്ച്, ടൂറിസം ഇൻഫർമേഷൻ കൗണ്ടർ, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്‌ഘാടനം എന്നിവ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ വിമാനത്താവളത്തിന് മുന്നിൽ ഇന്ത്യൻ എയർ ഫോഴ്സ് നൽകിയ പ്രദർശന വിമാനത്തിന്റെ അനാച്ഛാദനവും ഇന്ന് നടക്കും. ഉദ്ഘാടന ദിവസം അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിൽ യാത്രചെയ്തവർ ഇന്ന് വീണ്ടും അതേ വിമാനത്തിൽ ഒത്തുചേരുന്നുണ്ട്.