‘ഹിറ്റ്‌ലറിനും ഗുറിയോണിനുമൊപ്പം ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തില്‍ ചേര്‍ത്ത് വെക്കേണ്ടി വരും’; അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് ഉവൈസി
by Web Deskപൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്ന് ഉവൈസി പറഞ്ഞു. ബില്‍ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും രാജ്യത്തെ രണ്ടായി വിഭജിക്കുന്നതാണെന്നും ഒരു തരത്തിലും ബില്ലിനെ അനുകൂലിക്കാനാവില്ലെന്നും ഉവൈസി വ്യക്തമാക്കി.
‘ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയാണ്. ഒപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയേയും. അല്ലാത്തപക്ഷം ജൂതവിരുദ്ധ നിയമമായ ന്യൂറെംബര്‍ഗ് റേസ് നിയമവും ഇസ്രയേലി പൗരത്വ നിയമവും നടപ്പിലാക്കിയവര്‍ക്കൊപ്പം, ഹിറ്റ്‌ലര്‍ക്കും ഡേവിഡ് ബൈന്‍ ഗുറിയോണിനൊപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തില്‍ ചേര്‍ത്ത് വായിക്കേണ്ടി വരും’; ഉവൈസി പറഞ്ഞു. എന്നാല്‍ പ്രസംഗം പാര്‍ലമെന്ററി മര്യാദയ്ക്ക് യോജിച്ചതല്ലെന്നു പറഞ്ഞ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉവൈസിയെ താക്കീത് ചെയ്തു. പരാമര്‍ശം രേഖകളില്‍ നിന്ന് ഒഴിവാക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു.
അതിനിടെ ബില്ലില്‍ അവതരാണാനുമതി തേടി അമിത് ഷാ സംസാരിക്കുന്നതിനിടെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ നിരയില്‍ നിന്നും ഉയര്‍ന്നത്. ബില്ലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ബില്‍ അല്ലായെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 തകർക്കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്ന് സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി വ്യക്തമാക്കി. ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ വിദ്യാര്‍ഥി സംഘടനകളും സമരത്തിന് സജീവ പിന്തുണ അറിയിച്ചിട്ടുണ്ട്.