https://images.assettype.com/mediaone%2F2019-12%2F2a22d996-dc66-43e5-9028-fab89f493519%2FUntitled_1_tihar.jpg?w=640&auto=format%2Ccompress&fit=max

‘’നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ഞാന്‍ തയ്യാര്‍, പ്രതിഫലം വേണ്ട‍’’

ആരാച്ചാരുടെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെ താന്‍ ചെയ്യുമെന്നും അതുകൊണ്ട് തന്നെ ആരാച്ചാരുടെ ജോലിചെയ്യാൻ അനുവദിക്കണമെന്നും സുബാഷ് കത്തില്‍ പറയുന്നു. 

by

തിഹാർ ജയിലില്‍ ആരാച്ചാരായി സേവനമനുഷ്ഠിക്കാൻ തയ്യാറാണെന്ന് കാട്ടി ജയില്‍ ഡി.ജി.പിക്ക് കത്തയച്ച് ഒരു പൊലീസുകാരന്‍. തമിഴ്‍നാട്ടിലെ പൊലീസ് പരിശീലന കേന്ദ്രത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ്. സുബാഷ് ശ്രീനിവാസനാണ് ആരാച്ചാരാകാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ നിർഭയ കേസ് തടവുകാരെ തൂക്കിലേറ്റാൻ ആരാച്ചാർ ഇല്ലെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഹെഡ് കോൺസ്റ്റബിളായ സുബാഷ് ആരാച്ചാരുടെ ജോലി ചെയ്യാൻ സന്നദ്ധനായി രംഗത്തുവന്നത്.

ന്യൂഡൽഹിയിലെ തിഹാർ ജയിലിന്റെ ഡയറക്ടർ ജനറലിനെ അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് പൊലീസ് പരിശീലന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സുബാഷ് ആരാച്ചാരാകാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. തനിക്ക് പ്രതിഫലം വേണ്ടെന്നും സുബാഷ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാച്ചാരുടെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെ താന്‍ ചെയ്യുമെന്നും അതുകൊണ്ട് തന്നെ ആരാച്ചാരുടെ ജോലിചെയ്യാൻ അനുവദിക്കണമെന്നും സുബാഷ് കത്തില്‍ പറയുന്നു. 1997 ബാച്ചിലെ പൊലീസ് കോൺസ്റ്റബിളാണ് സുബാഷ് ശ്രീനിവാസൻ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരില്ലെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരാച്ചാരായി സേവനമനുഷ്ഠിക്കാന്‍ താന്‍ തയ്യാറായതെന്നും സുബാഷ് പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യം ചെയ്ത, വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ആരാച്ചാരില്ലെന്ന കാരണത്താല്‍ നടപ്പാക്കാതിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചുമതലകൾ നിറവേറ്റുന്നതിനു പുറമേ, 1997 ൽ പൊലീസ് സേനയിൽ ചേർന്നതുമുതൽ ശ്രീനിവാസൻ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ദേവിപട്ടണം ട്രാഫിക് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ സുബാഷ് വേനൽക്കാലത്ത് കുടിവെള്ളം വിതരണം ചെയ്യുകയും അജ്ഞാത മൃതദേഹങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.